തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു; നാല് പേരുടെ നില അതീവ ഗുരുതരം
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.
അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള നടപടികള്‍ ഇന്നും തുടരും.
സംഭവ സ്ഥലത്ത് ഇന്നും പരിശോധന നടത്തും. അപകടത്തിന് കാരണം ചൂട് കൂടിയതല്ല എന്നതാണ് പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള പരിശോധനയും ഇന്ന് നടന്നേക്കും. അതേസമയം തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് തൃശ്ശൂര്‍ കലക്ടറേറ്റിലാണ് യോഗം ചേരുക. മന്ത്രിമാരും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.