23/04/2026
[fontresizer_tawhidurrahmandear_widget]

മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി

 മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് ഇന്ന് നടത്തിയ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെടുത്തു. പാടശേഖരത്ത് നടത്തിയ തിരച്ചിലിൽ പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. ഇതിനുപുറമെ, 10 മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടസമയത്ത് പടക്കനിർമാണ ശാലയിൽ 37 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക വിവരം.

അപകടത്തിൽപ്പെട്ട 33 പേരെ തിരിച്ചറിഞ്ഞതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 28-ഓളം ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഫലം ലഭ്യമാകുമെന്നും ഇതിനായി വിപുലമായ അന്വേഷണസംഘത്തെ രൂപീകരിച്ചതായും കമ്മീഷണർ വ്യക്തമാക്കി.

ഒരു സ്ഥലത്ത് തന്നെ വെടിമരുന്ന് വൻതോതിൽ ശേഖരിച്ചതാകാം അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചതെന്ന് ഫോറൻസിക് സർജൻ ഡോ. ടി.എസ് ഹിതേഷ് ശങ്കർ പറഞ്ഞു. ചിന്നിച്ചിതറിയ നിലയിലുള്ള ശരീരഭാഗങ്ങളാണ് ലഭിച്ചതെന്നും സ്ഫോടനത്തിന്റെ ആഘാതത്തിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവ വീണ്ടും രേഖപ്പെടുത്തും.

അപകടത്തിന് പിന്നാലെ ജില്ലയിലെ പടക്കനിർമാണ ശാലകളിൽ നടത്തിയ കർശന പരിശോധനയെത്തുടർന്ന് പാറമേക്കാവ് വിഭാഗത്തിന്റെ പടക്കനിർമാണശാല ഉടമക്കെതിരെ കേസെടുത്തു. അനുവദനീയമായതിലും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിനാണ് ലൈസൻസിയായ ബിനോയ് ജേക്കബിനെതിരെ കേസെടുത്തത്. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നിലവിൽ റവന്യൂ അധികൃതർ സീൽ ചെയ്തിരിക്കുകയാണ്.

അപകടസ്ഥലത്ത് അവശേഷിക്കുന്ന 300 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്ത് നിർവീര്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

Also read: