24/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ല’; അല്ലാതെതന്നെ അവരെ തകർത്തു കഴിഞ്ഞെന്ന് ട്രംപ്

 ‘ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ല’; അല്ലാതെതന്നെ അവരെ തകർത്തു കഴിഞ്ഞെന്ന് ട്രംപ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

“ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ് നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

അതേസമയം, സമാധാന കരാറിലെത്താൻ ഇറാന് ലഭിച്ചിരിക്കുന്ന സമയം അവസാനിക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധങ്ങൾ അതിശക്തമാണെന്നും ഇറാന്റെ സൈനിക ശേഷി നശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏത് ഇറാനിയൻ ബോട്ടിനെയും തകർക്കാൻ യുഎസ് നേവിക്ക് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.

ട്രംപിന്റെ പ്രസ്താവനകൾ പുറത്തുവരുന്നതിനിടെ, ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

Also read: