സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം: നിയന്ത്രണത്തിന്റ ദൈർഘ്യം വർധിക്കും
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി രേഖപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുമെന്ന് ഉറപ്പായി. വടക്കേ ഇന്ത്യയിൽ ചൂട് വർദ്ധിച്ചതിനെത്തുടർന്ന് പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതിനോടകം തന്നെ 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു.
അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ഉപയോഗം പരിധി ലംഘിക്കുമ്പോൾ ഓവർലോഡ് മൂലം ഫീഡറുകൾ തനിയെ ട്രിപ്പ് ആകുന്നതാണ് നിലവിലെ തടസ്സങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക ലഭ്യതക്കുറവ് മൂലം ജനങ്ങൾ വ്യാപകമായി ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നതും ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്. കൂടുതൽ വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യമാണെന്നും ചാർജ് വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ പലയിടങ്ങളിലും ‘ലോഡ് റെസ്ട്രിക്ഷൻ’ എന്ന പേരിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന മേഖലകളിലാണ് നിയന്ത്രണം കൂടുതൽ പ്രതിഫലിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.