25/04/2026
[fontresizer_tawhidurrahmandear_widget]

സ്‌പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ യുഎസ് നീക്കം; പറ്റില്ലെന്ന് വ്യക്തമാക്കി നാറ്റോ

 സ്‌പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ യുഎസ് നീക്കം; പറ്റില്ലെന്ന് വ്യക്തമാക്കി നാറ്റോ

വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇ-മെയിലുകൾ വ്യക്തമാക്കുന്നു. പ്രധാനമായും സ്‌പെയിനിനെതിരെയാണ് അമേരിക്ക നടപടിക്കൊരുങ്ങുന്നത്. പെന്റഗൺ ഉന്നത ഉദ്യോഗസ്ഥൻ എൽബ്രിഡ്ജ് കോൾബി തയ്യാറാക്കിയ നിർദേശങ്ങളിൽ, സ്‌പെയിനിനെ ‘നാറ്റോ’ സഖ്യത്തിൽനിന്ന് പുറത്താക്കുക, ബ്രിട്ടന്റെ ഫാൽക്ക്ലൻഡ് ദ്വീപ് അവകാശവാദത്തിനുള്ള പിന്തുണ പിൻവലിക്കുക തുടങ്ങിയ നിർദേശങ്ങളാണുള്ളത്. ഇ-മെയിൽ വിവരങ്ങൾ പുറത്തുവന്നതോടെ സഖ്യരാജ്യങ്ങളെ പുറത്താക്കാൻ വകുപ്പില്ലെന്ന് നാറ്റോ വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക നാറ്റോ സഖ്യകക്ഷികൾക്കായി എല്ലാം ചെയ്തിട്ടും, നിർണായക ഘട്ടത്തിൽ അവർ ഒപ്പം നിന്നില്ലെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി കിങ്‌സ്ലി വിൽസൺ പറഞ്ഞു. ‘നമ്മുടെ സഖ്യകക്ഷികൾ വെറും കടലാസ് പുലികളായി മാറാതെ അവരുടെ പങ്ക് കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി പ്രസിഡന്റിന് മുന്നിൽ വിശ്വസനീയമായ നിർദേശങ്ങൾ പെന്റഗൺ സമർപ്പിക്കും,’ അവർ വ്യക്തമാക്കി.

നാറ്റോയുടെ 1949-ലെ സ്ഥാപക കരാറിൽ ഒരു അംഗരാജ്യത്തെ പുറത്താക്കാനോ സസ്‌പെൻഡ് ചെയ്യാനോ ഉള്ള യാതൊരു വ്യവസ്ഥയുമില്ലെന്ന് നാറ്റോ വക്താവ് ബിബിസിയോട് പ്രതികരിച്ചു. അതേസമയം, ഔദ്യോഗിക രേഖകളല്ലാതെ ഇ-മെയിലുകൾക്ക് മറുപടി നൽകാനില്ലെന്നാണ് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ സഖ്യകക്ഷികൾ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു.

ഇറാനുനേരെയുള്ള ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണിലെ റോത്ത, മൊറോൺ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വ്യോമപാതയിൽ യുഎസ് യുദ്ധവിമാനങ്ങൾക്ക് സ്‌പെയിൻ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇടപെടുന്നത് രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നാണ് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയത്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള നീക്കത്തിൽ പങ്കാളിയാകാനില്ലെന്നും ബ്രിട്ടൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാൽക്ക്ലൻഡ് ദ്വീപ് വിഷയത്തിൽ ബ്രിട്ടന്റെ അവകാശവാദത്തിനുള്ള പിന്തുണ പിൻവലിച്ച് അർജന്റീനയെ പിന്തുണയ്ക്കാൻ അമേരിക്ക ആലോചിക്കുന്നത്.

Also read: