അഴിമതിക്കേസിൽ വീണ്ടും മുങ്ങി നെതന്യാഹു, കോടതിയിൽ ഹാജരായില്ല; വിചാരണാനടപടികൾ അവസാന നിമിഷം മാറ്റിവച്ചു
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിൽ ഇന്ന് കോടതിയിൽ നടക്കേണ്ടിയിരുന്ന വിചാരണാ നടപടികൾ അവസാന നിമിഷം റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നാടകീയമായ മാറ്റിവെക്കൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിന് പകരം തെൽ അവീവ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് വിചാരണ നിശ്ചയിച്ചിരുന്നത്.
ഇറാനുമായുള്ള യുദ്ധം കാരണം രണ്ട് മാസമായി വിചാരണ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുമുൻപും ഗസ്സ യുദ്ധത്തിനിടയിലും കഴിഞ്ഞ വർഷം ഇറാനെതിരെ നടത്തിയ 12 ദിന യുദ്ധത്തിനിടയിലുമെല്ലാം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിചാരണാ നടപടികളിൽനിന്ന് നെതന്യാഹു പലതവണ രക്ഷപ്പെട്ടിരുന്നു. അതിനിടെ, വിചാരണ പുനരാരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നടത്തിയ പ്രസ്താവന നെതന്യാഹുവിന് തിരിച്ചടിയായി. നെതന്യാഹുവിന് മാപ്പ് നൽകണമെന്ന ഔദ്യോഗിക അപേക്ഷയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ സമ്മർദവും ഹെർസോഗ് തള്ളി. നിലവിലെ സാഹചര്യത്തിൽ മാപ്പ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ ഭിന്നതകൾ പരിഹരിക്കാൻ മധ്യസ്ഥതയ്ക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
വിചാരണ മുടങ്ങിയതിന് പിന്നിൽ നെതന്യാഹുവിന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാണ്. ഈ മാസം ആദ്യം ചാനൽ 13 പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, യുദ്ധസാഹചര്യത്തിൽ തനിക്ക് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു നിലപാട് പത്രം തയാറാക്കാൻ നെതന്യാഹു ഷിൻ ബെറ്റ് മേധാവി ദാവീദ് സിനിയോട് ആവശ്യപ്പെട്ടിരുന്നു. മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ദീർഘനേരം ഹാജരാകുന്നത് സുരക്ഷാ ഭീഷണിയാണെന്നായിരുന്നു ഇതിലെ വാദം.
എന്നാൽ, ഈ റിപ്പോർട്ട് ഷിൻ ബെറ്റിലെ നിയമോപദേഷ്ടാവിന്റെ അനുമതിയില്ലാതെയാണ് പുറത്തിറക്കിയതെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ പ്രസ്തുത റിപ്പോർട്ട് ഹാജരാക്കാൻ സ്റ്റേറ്റ് അറ്റോർണി ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2020-ൽ ആരംഭിച്ച വിചാരണയിൽ നെതന്യാഹു ഇതുവരെ 80 തവണ മൊഴി നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് കേസുകളിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്. ടെലികോം ഭീമനായ ഷൗൾ എലോവിച്ചിന് കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴിവിട്ട തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണമാണ് ഒന്നാമത്തേത്. ഇതിലെ ക്രോസ് വിസ്താരം അവസാന ഘട്ടത്തിലാണ്.
മറ്റൊന്ന് ‘യെദിയോത്ത് അഹ്രോനോത്ത്’ പത്രത്തിന്റെ പബ്ലിഷർ അർനോൺ മോസസുമായി ചേർന്ന് അനുകൂല വാർത്തകൾക്കായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന കേസാണ് പ്രോസിക്യൂഷൻ കണക്കനുസരിച്ച് ഇതിൽ നാലു മുതൽ എട്ടു വരെ സെഷനുകൾ കൂടി ബാക്കിയുണ്ട്.
അതേസമയം, കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ നെതന്യാഹു ശക്തമായി നിഷേധിക്കുന്നുണ്ട്. പാരിതോഷികങ്ങൾക്കും അനുകൂല മാധ്യമ വാർത്തകൾക്കുമായി രാഷ്ട്രീയ ആനുകൂല്യങ്ങൾ നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. തനിക്കെതിരെയുള്ള കേസുകൾ വെറും രാഷ്ട്രീയ വേട്ടയാടൽ മാത്രമാണെന്നും എതിരാളികളുടെ രാഷ്ട്രീയ അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നുമാണ് നെതന്യാഹുവിന്റെ വാദം.