ഡയപ്പറും ഷൂസും അണിഞ്ഞ്,ബേബി സ്ട്രോളറിൽ സ്റ്റൈലായി കോഴികൾ; ചൈനക്കാർ ഇപ്പോൾ കോഴിക്ക് പിന്നാലെ! കാരണം ഇതാണ്
ചൈനയിലെ മെട്രോ നഗരങ്ങളിൽ കോഴികൾ ഇനി തീൻമേശയിലെ വിഭവം മാത്രമല്ല, വീട്ടിലെ പ്രിയപ്പെട്ട അംഗങ്ങൾ കൂടിയാണ്. കുട്ടികളെപ്പോലെ പരിപാലിക്കപ്പെടുന്ന ‘പെറ്റ് ചിക്കൻ’ വീഡിയോകൾക്ക് ചൈനീസ് സോഷ്യൽ മീഡിയയിൽ 310 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. നഗരങ്ങളിലെ വളർത്തുമൃഗ സംസ്കാരത്തിൽ വലിയ മാറ്റങ്ങളാണ് ഈ പുതിയ തരംഗം ഉണ്ടാക്കുന്നത്.
ഗുവാങ്ഡോങ് പ്രവിശ്യയിൽ “ഒരു കോഴി പോലും ഇവിടെനിന്ന് ജീവനോടെ പോകില്ല” എന്നൊരു ചൊല്ലുണ്ട്. അത്രമേൽ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരാണ് അവിടുത്തുകാർ. എന്നാൽ അവിടെ അഗ്വായ് എന്ന യുവതിക്ക് ബന്ധുക്കൾ നൽകിയ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായതോടെ കാര്യങ്ങൾ മാറി. ആ കുഞ്ഞുങ്ങളുടെ ഭംഗിയിൽ ആകൃഷ്ടയായ അവർ അവയെ വളർത്താൻ തീരുമാനിച്ചു. ചൈനയിൽ ഔഷധ ഗുണമുള്ളതെന്ന് കരുതപ്പെടുന്ന ‘തായ്ഹെ സിൽക്കി’ ഇനത്തിൽപ്പെട്ടവയാണ് ഇവ. വെള്ളപ്പട്ടുപോലെയുള്ള തൂവലുകൾ ഉള്ളതിനാൽ ഇവയെ ‘ഫീനിക്സ് മാലാഖമാർ’ എന്നും വിളിക്കാറുണ്ട്.
പൂച്ചകളെയും നായ്ക്കളെയും വളർത്തുന്നതിനേക്കാൾ ചിലവ് കുറവാണെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. മാസം 30 യുവാനിൽ (ഏകദേശം 350 രൂപ) താഴെ മാത്രമേ ഇതിനായി ചിലവ് വരുന്നുള്ളൂ. പെറ്റ് കോഴികൾക്ക് വലിയ രോഗഭീഷണിയില്ലെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. പൂച്ചകളെയും നായ്ക്കളെയും പോലെ ഇവ രോമം പൊഴിക്കുകയോ ദുർഗന്ധം വമിക്കുകയോ ചെയ്യില്ല. ഉടമസ്ഥർ ഇവയ്ക്ക് പ്രത്യേക ഉടുപ്പുകളും ഷൂസും തൊപ്പിയുമൊക്കെ അണിയിച്ച് കുട്ടികളെ കൊണ്ടുപോകുന്ന പ്രമിൽ കിടത്തിയാണ് പുറത്ത് കൊണ്ടുപോകുന്നത്. വീടിനുള്ളിൽ ഇവയ്ക്കായി പ്രത്യേക ഡയപ്പറുകളും ലഭ്യമാണ്.
കോഴികൾക്ക് മനുഷ്യരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നും അവ ബുദ്ധിയുള്ളവരാണെന്നും ഉടമസ്ഥർ പറയുന്നു. പൂച്ചകളെയും നായ്ക്കളെയും വളർത്തുമ്പോഴുണ്ടാകുന്ന വലിയ സാമ്പത്തിക ഭാരമോ ഉറക്കമില്ലാത്ത രാത്രികളോ ഇവയുടെ കാര്യത്തിലില്ല. പുലർച്ചെ കൃത്യസമയത്ത് ഉണരുന്ന കോഴികൾ സമാധാനപരമായ അന്തരീക്ഷമാണ് നൽകുന്നത്. ഈ പ്രവണത പടരുന്നതോടെ ഫാമിംഗ് മേഖലയിലെ ക്രൂരതകൾ കുറയ്ക്കണമെന്നും മൃഗക്ഷേമം ഉറപ്പാക്കണമെന്നുമുള്ള ചിന്താഗതിയും ജനങ്ങൾക്കിടയിൽ വളരുന്നുണ്ട്. പാമ്പുകൾ, പ്രാണികൾ തുടങ്ങിയ വൈവിധ്യമാർന്ന വളർത്തുമൃഗങ്ങളെ തേടിപ്പോകുന്ന ചൈനയിലെ 1.7 കോടി ജനങ്ങൾക്കിടയിൽ കോഴികൾ ഇപ്പോൾ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.