കുഴിമാടങ്ങളെ സാക്ഷിയാക്കി താലികെട്ട്; വൈറലായി ശവപ്പറമ്പിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്
ഉത്തരാഖണ്ഡ്: വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ വിദേശരാജ്യങ്ങളും പ്രകൃതിരമണീയമായ ഇടങ്ങളും തേടിപ്പോകുന്നവർക്കിടയിൽ, വേറിട്ടൊരു വഴി തിരഞ്ഞെടുത്തു വാർത്തകളിൽ നിറയുകയാണ് ഉത്തരാഖണ്ഡിലെ ഒരു ദമ്പതികൾ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലത്ത് എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഒരു ശ്മശാനമാണ് ഇവർ വിവാഹവേദിയായി തിരഞ്ഞെടുത്തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് ദമ്പതികൾക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നത്.
ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ അപൂർവ്വ വിവാഹം നടന്നത്. രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന തീരത്തുള്ള ഈ ശ്മശാനത്തിന്റെ ഒത്തനടുവിലായി പ്രത്യേക വിവാഹമണ്ഡപം ഒരുക്കിയായിരുന്നു ചടങ്ങുകൾ. ഗാസിയാബാദിൽ നിന്നുള്ള വധുവരന്മാരും അവരുടെ കുടുംബവുമാണ് ഈ തീരുമാനത്തിന് പിന്നിൽ. മാലയിടൽ ഉൾപ്പെടെയുള്ള എല്ലാ വിവാഹ ചടങ്ങുകളും ഈ ശ്മശാന മണ്ഡപത്തിൽ വെച്ച് തന്നെയാണ് പൂർത്തിയാക്കിയത്.
വിവാഹ വീഡിയോ വൈറലായതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന നടപടിയാണിതെന്നും, സാമൂഹിക നിയമങ്ങളുടെ ലംഘനമാണെന്നും പലരും കുറിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കുന്ന പവിത്രമായ ഒരിടത്ത് ഇത്തരമൊരു ആഘോഷം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാരും പ്രതിഷേധമുയർത്തി. സംഭവത്തിൽ കുടുംബത്തിനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, ശ്മശാനത്തിൽ മുൻകൂട്ടി അനുമതി വാങ്ങാതെ ചടങ്ങുകൾ നടത്തിയത് നിയമവിരുദ്ധമാണെന്ന് തഹസിൽദാർ ആബിദ് അലി വ്യക്തമാക്കി. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.