28 സിറ്റിങ് എംഎല്‍എമാര്‍ പരാജയഭീതിയില്‍; സിപിഎം കണക്കുകൂട്ടല്‍ പാളിയോ?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സിറ്റിങ് എംഎൽഎമാരുടെ പരാജയസാധ്യതയിൽ ആശങ്കയിലായിരിക്കുകയാണ് സിപിഎം. മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവരുൾപ്പെടെ 28 സിറ്റിങ് എംഎൽഎമാർ തോൽവിഭീതിയിലാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടിയുടെ അംഗബലം 2001-ലെ 23 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴുമോ എന്ന പേടിയും നേതൃത്വത്തിനുണ്ട്.
തുടർഭരണം ലക്ഷ്യമിട്ട് 56 സിറ്റിങ് എംഎൽഎമാരെ തന്നെ വീണ്ടും കളത്തിലിറക്കിയ പാർട്ടിയുടെ തന്ത്രം പാളിയോ എന്നാണ് നിലവിലെ വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ മന്ത്രി വി. ശിവൻകുട്ടിയടക്കം അഞ്ച് പേർ പരാജയഭീതി നേരിടുന്നുണ്ട്. ആറന്മുളയിൽ വീണ ജോർജ്, കളമശ്ശേരിയിൽ പി. രാജീവ്, തൃത്താലയിൽ എം.ബി. രാജേഷ് എന്നിവരുടെ വിജയത്തിലും പാർട്ടിക്ക് ഉറപ്പില്ല. കോഴിക്കോട് ജില്ലയിൽ കെ.എം. സച്ചിൻദേവ് ഉൾപ്പെടെ നാല് പേർ തോൽക്കുമെന്നാണ് പാർട്ടിയുടെ ഉള്ളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആലപ്പുഴയിൽ എച്ച്. സലാമും ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും പരാജയം മണക്കുന്നവരുടെ പട്ടികയിലുണ്ട്. മലപ്പുറത്ത് വി. അബ്ദുറഹിമാൻ, കെ.ടി. ജലീൽ എന്നിവരുടെ കാര്യത്തിലും ഉറപ്പില്ല. കണ്ണൂർ ജില്ലയിൽ കെ.കെ. ശൈലജ മാത്രമാണ് തോൽവിസാധ്യതയുള്ള ഏക സിറ്റിങ് എംഎൽഎ എന്നത് മാത്രമാണ് സിപിഎമ്മിന് ആശ്വാസം നൽകുന്ന ഏക ഘടകം. ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധവും ഭരണവിരുദ്ധ വികാരവും പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്നാണ് സൂചന.