02/05/2026
[fontresizer_tawhidurrahmandear_widget]

യുവാവിനെ അന്യായമായി തടങ്കലിൽ വെച്ചു; യുപി സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി

 യുവാവിനെ അന്യായമായി തടങ്കലിൽ വെച്ചു; യുപി സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി

അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപയുടെ കനത്ത പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹർജിക്കാരൻ അന്യായമായി ജയിലിൽ കഴിഞ്ഞത്.

അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കൃത്യമായ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഭരണഘടനയുടെ 22(1) ആർട്ടിക്കിളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും ഈ കേസിൽ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി. കേസ് നമ്പർ മാത്രം രേഖപ്പെടുത്തി അറസ്റ്റ് മെമോ നൽകിയ പോലീസ് നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണങ്ങൾ പോലീസ് നൽകിയിട്ടില്ലെന്നും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് നടപടിയെന്നും കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായ അറസ്റ്റിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും ഹൈക്കോടതി റദ്ദാക്കി.

വിഷയത്തിൽ കോടതി വിശദീകരണം തേടിയിട്ടും ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കൃത്യമായ മറുപടി നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത സമീപനം ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടതിന് നാല് ആഴ്ചയ്ക്കുള്ളിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. ഈ തുക ആദ്യം സർക്കാർ നൽകണമെന്നും പിന്നീട് പിഴവിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

Also read: