12/05/2026
[fontresizer_tawhidurrahmandear_widget]

നാലു മാസം മുന്‍പ് പെരുമ്പാവൂരില്‍; ഫലം വന്നപ്പോള്‍ ബംഗാളില്‍ സിപിഎം എംഎല്‍എ; ഹിറ്റായി കേരളത്തിലെ പ്രചാരണം

 നാലു മാസം മുന്‍പ് പെരുമ്പാവൂരില്‍; ഫലം വന്നപ്പോള്‍ ബംഗാളില്‍ സിപിഎം എംഎല്‍എ; ഹിറ്റായി കേരളത്തിലെ പ്രചാരണം

ബംഗാൾ നിയമസഭയിൽ നിന്നും 2021-ൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട സിപിഎമ്മിന്റെ കരുത്തുറ്റ തിരിച്ചുവരവിനാണ് മുർഷിദാബാദ് ജില്ലയിലെ ഡോംകൽ മണ്ഡലം സാക്ഷ്യം വഹിച്ചത്. സി‌പി‌എം സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്താഫിസുർ റഹ്മാൻ എന്ന റാണ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഹുമയൂൺ കബീറിനെ 16,296 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉജ്ജ്വല വിജയം നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ 47,229 വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു റാണ എന്നതും ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നു. ബംഗാളിൽ മാത്രമല്ല, കേരളത്തിലും നടത്തിയ ചിട്ടയായ പ്രചാരണങ്ങളാണ് റഹ്മാന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന റഹ്മാൻ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നിരന്തരം ഇടപെടുന്ന ജനകീയ നേതാവായാണ് അറിയപ്പെടുന്നത്. മണ്ഡലത്തിലെ നിർണ്ണായക ശക്തിയായ കുടിയേറ്റ തൊഴിലാളികളിൽ പകുതിയിലധികവും ജോലി ചെയ്യുന്നത് കേരളത്തിലാണ്. ഇവരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുന്നതിനായി നാലു മാസം മുൻപ് അദ്ദേഹം കേരളത്തിലെ പെരുമ്പാവൂരിലെത്തി പ്രത്യേക കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. സിപിഎം കേരള ഘടകത്തിന്റെ സഹകരണത്തോടെ നടത്തിയ ഈ പ്രചാരണം വഴി വോട്ടർമാരെ നാട്ടിലെത്തിക്കാൻ പാർട്ടിക്ക് സാധിച്ചു. കൂടാതെ, തൃണമൂലിന്റെ വാർഡ് തിരഞ്ഞെടുപ്പ് ഓഫീസ് പോലും സിപിഎം ഓഫീസായി മാറ്റുംവിധം നാനൂറോളം കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞു.

മുർഷിദാബാദ് മേഖലയിൽ നിന്നുള്ള ഭൂരിഭാഗം തൊഴിലാളികളും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ജോലി ചെയ്യുന്നത്. ഉത്തരേന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി തൊഴിലാളികൾ നേരിടുന്ന വിവേചനം കാരണം പലരും നാട്ടിലേക്ക് തിരിച്ചെത്തിയ സാഹചര്യവും തിരഞ്ഞെടുപ്പിൽ ചർച്ചയായി. 1967-ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 11 തവണയും സിപിഎം ജയിച്ച ഡോംകൽ മണ്ഡലം, തൃണമൂലിൽ നിന്ന് തിരിച്ചുപിടിച്ചതോടെ ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുപക്ഷം പുതിയ പോരാട്ടത്തിന് തുടക്കമിടുകയാണ്. എതിർ സ്ഥാനാർത്ഥിയായ ഹുമയൂൺ കബീർ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്നതും റാണയുടെ പ്രാദേശിക സ്വാധീനവും വിജയത്തിന് അനുകൂലഘടകമായി മാറി.

Also read: