വിജയ്‌യുടെ ഡ്രൈവറുടെ മകൻ ഇനി എംഎൽഎ; ഡിഎംകെ കോട്ട തകർത്ത് ശബരിനാഥൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) തരംഗം ആഞ്ഞടിക്കുമ്പോൾ, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നത് വിരുഗമ്പാക്കം മണ്ഡലത്തിലെ ഫലമാണ്. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പേഴ്‌സണൽ ഡ്രൈവർ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥൻ, ഡിഎംകെയുടെ സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി.
24 റൗണ്ട് നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ 76,092 വോട്ടുകൾ നേടിയാണ് ശബരിനാഥൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ എതിരാളിയായ ഡിഎംകെയുടെ പ്രഭാകര രാജയെ 27,086 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എഐഎഡിഎംകെ സ്ഥാനാർത്ഥി വിരുഗൈ വി.എൻ രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
സാധാരണക്കാരെയും യുവാക്കളെയും മുൻനിർത്തിയുള്ള വിജയ്കയുടെ രാഷ്ട്രീയ പരീക്ഷണം വിജയിച്ചതിന്റെ അടയാളമായാണ് ശബരിനാഥന്റെ വിജയം വിലയിരുത്തപ്പെടുന്നത്. സ്വന്തം ഡ്രൈവറുടെ മകന് മത്സരിക്കാൻ ടിക്കറ്റ് നൽകിയ വിജയ്കയുടെ തീരുമാനം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. വിജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച ശബരിനാഥൻ, ഇത് ഡിഎംകെ യുഗത്തിന്റെ അവസാനമാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് 100-ലധികം സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ടിവികെ വൻ മുന്നേറ്റമാണ് നടത്തുന്നത്. പെരമ്പൂരിൽ നിന്ന് വിജയ് തന്നെ 53,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതും, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പരാജയവും തമിഴ്‌നാട് രാഷ്ട്രീയത്തിലെ വലിയ മാറ്റങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വരും ദിവസങ്ങളിൽ ചെറിയ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ടിവികെ ക്യാമ്പ്.