‘118 എംഎൽഎമാരുടെ ഒപ്പുമായി വാ…’ വിജയിയെ രണ്ടാം വട്ടവും തിരിച്ചയച്ച് ഗവർണർ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ തമിഴക വെട്രി കഴകത്തിന് വീണ്ടും തിരിച്ചടി. രണ്ടാം വട്ടവും ടിവികെ അധ്യക്ഷനായ വിജയിയെ ഗവർണർ തിരിച്ചയച്ചു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ ഒപ്പുകൾ സഹിതം വരാനും ഗവർണർ ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഗവർണർ ഇതേ നിലപാട് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ പാർട്ടി മാറിയെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
നിലവിൽ ടി.വി.കെക്ക് 108 സീറ്റുകളാണ് ഉള്ളത്. ഇതിൽ വിജയ് തന്നെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ സാങ്കേതികമായി പാർട്ടിയുടെ അംഗബലം 107 ആയി കുറയും. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യത്തിന്റെ ആകെ എണ്ണം 112ൽ ഒതുങ്ങിനിൽക്കുകയാണ്. ഇതോടെ കേവല ഭൂരിപക്ഷത്തിന് ഇനിയും 6 അംഗങ്ങളുടെ പിന്തുണ കൂടി വിജയിക്ക് ആവശ്യമാണ്.
വെറും അവകാശവാദങ്ങൾ അംഗീകരിക്കില്ലെന്നും കൃത്യമായി പിന്തുണക്കുന്നവരുടെ ഒപ്പുകൾ ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന് ഗവർണർ കർശന നിലപാട് എടുത്തതോടെ തമിഴ്‌നാട് രാഷ്ട്രീയം വലിയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. മറ്റ് ചെറുകക്ഷികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ഭൂരിപക്ഷം തികയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ വിജയിയും അദ്ദേഹത്തിന്റെ പാർട്ടിയും. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സംഖ്യമുണ്ടാക്കുമെന്ന നിരീക്ഷണങ്ങളെ മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിൻ തള്ളിക്കളഞ്ഞിട്ടുണ്ട്.