‘ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല’; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ
ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ ഒപ്പുകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ കർശന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പൊതുവികാരം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാതെ ഗവർണർ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
വിജയ്‌യെ ഗവർണർ തുടർച്ചയായി രണ്ടാം ദിവസവും തിരിച്ചയച്ചതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുകയാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ വിജയിക്ക് മറ്റ് പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്. നിലവിൽ കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഗവർണറുടെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഡിഎംകെയും വിസിക്കെയും രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതെ ഭരണഘടനാ പദവി ഉപയോഗിച്ച് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
വിജയ്‌യുടെ ടിവികെ 108 സീറ്റുകൾ നേടി കരുത്തുതെളിയിച്ച സാഹചര്യത്തിൽ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമെന്നാണ് മറ്റ് കക്ഷികളുടെ ആവശ്യം. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഗവർണറുടെ നിലപാട് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കക്ഷികൾ പിന്തുണ അറിയിക്കുന്നതോടെ വിജയിക്ക് ഭൂരിപക്ഷം തികയ്ക്കാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്