‘ഒരു ആണവ ഉടമ്പടിക്കും ഞങ്ങൾ വഴങ്ങില്ല; ആണവായുധ രാഷ്ട്രമായി തന്നെ തുടരും’-വ്യക്തമാക്കി ഉത്തര കൊറിയ
പ്യോങ്‌യാങ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിക്കും തങ്ങൾ വഴങ്ങില്ലെന്ന് ഉത്തര കൊറിയ. ആണവായുധ രാഷ്ട്രമെന്ന പദവി തിരുത്താൻ ഒരു ബാഹ്യസമ്മർദത്തിനും സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോങ് അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി(എൻപിടി) അവലോകനം ചെയ്യുന്ന യു.എൻ കോൺഫറൻസിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ വിമർശിച്ചതിന് പിന്നാലെയാണ് കിം സോങ്ങിന്റെ പ്രതികരണം.
2003ൽ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ശേഷം ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് യു.എൻ സുരക്ഷാ കൗൺസിൽ രാജ്യത്തിനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉത്തര കൊറിയയുടെ കൈവശം അൻപതോളം ആണവ പോർമുനകൾ ഉണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കണക്കാക്കുന്നത്.
യു.എൻ സമ്മേളനത്തിൽ അമേരിക്കയും മറ്റ് ചില രാജ്യങ്ങളും ചേർന്ന് പരമാധികാര രാഷ്ട്രങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്നും കിം സോങ് ആരോപിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് സൈനിക സഹായം നൽകുന്നതിന് പകരമായി റഷ്യയിൽനിന്ന് ഉത്തര കൊറിയ സൈനിക സാങ്കേതിക വിദ്യകൾ കൈപ്പറ്റുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപ്രി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഒൻപത് ആണവ ശക്തികളുടെ കൈവശം ആകെ 12,121 ആണവ പോർമുനകളാണുള്ളത്. ആഗോള ആണവായുധ ശേഖരത്തിന്റെ 90 ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം ആധുനികവൽക്കരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്.