മെയ് 15ന് മുമ്പ് പെട്രോൾ ഡീസൽ വില വർധിപ്പിക്കാൻ സാധ്യത; ഗാർഹിക എൽ.പി.ജി വിലയും കൂട്ടും
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15-ന് മുമ്പായി വില വർധനവ് പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിറ്ററിന് ഏകദേശം നാല് മുതൽ അഞ്ച് രൂപ വരെ പെട്രോളിനും ഡീസലിനും വർധിച്ചേക്കാം. ഇതോടൊപ്പം ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർധിപ്പിക്കാനും സാധ്യതയുണ്ട്. നേരത്തെ മേയ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 933 രൂപയുടെ വൻ വർധനവ് വരുത്തിയിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടർ വില 3000 രൂപ കടന്നത് ഹോട്ടൽ, റസ്റ്ററന്റ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏതാണ്ട് 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ നിലപാട്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 126 ഡോളറിലേക്ക് ഉയർന്നിരുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങളും അസ്ഥിരതയുമാണ് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, ആഭ്യന്തര എൽ.പി.ജി ഉൽപാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി ഉയർത്തിയിട്ടുണ്ട്. ഇന്ധന വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇന്ധനവില ഉയരുന്നത് ചരക്കുനീക്കത്തെ ബാധിക്കുമെന്നതിനാൽ അവശ്യസാധനങ്ങളുടെ വില കൂടാനും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റാനും ഇത് കാരണമാകും.