മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; തിരിച്ചടി നൽകിയെന്ന് അമേരിക്ക, ഹോർമുസിൽ വീണ്ടും സംഘർഷം
തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ.
അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എസ്.എസ് ട്രക്സ്റ്റൺ, യു.എസ്.എസ് റാഫേൽ പെരാൾട്ട, യു.എസ്.എസ് മേസൺ എന്നീ നശീകരണ കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഏകോപിത ആക്രമണം നടത്തിയെന്നും ഇതിന് മറുപടിയായാണ് സ്വയം പ്രതിരോധ ആക്രമണങ്ങൾ നടത്തിയതെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. യു.എസ് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ഇറാന്റെ തീരദേശ ജലാശയത്തിലൂടെ സഞ്ചരിച്ച ടാങ്കറിനും ഫുജൈറയ്ക്ക് സമീപമുള്ള മറ്റൊരു കപ്പലിനും നേരെ അമേരിക്ക ആക്രമണം നടത്തിയതായി ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ അനൗപചാരിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പുതിയ ഏറ്റുമുട്ടൽ. പ്രോജക്‌ട് ഫ്രീഡം എന്ന സൈനിക ദൗത്യം അമേരിക്ക താൽക്കാലികമായി നിർത്തിവച്ചതോടെ സമാധാന ചർച്ചകൾക്ക് സാധ്യത തെളിഞ്ഞിരുന്നു.
ആണവ സമ്പുഷ്ടീകരണം നിർത്തുകയാണെങ്കിൽ ഉപരോധങ്ങളിൽ ഇളവ് നൽകാമെന്ന അമേരിക്കയുടെ 14 ഇന ധാരണാപത്രം ഇറാൻ പരിശോധിച്ചുവരികയാണ്. ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി. മേഖലയിലെ അനിശ്ചിതത്വം തുടരുമ്പോഴും ഈ ആഴ്ച തന്നെ ഇറാൻ-യു.എസ് പ്രതിനിധികൾ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെടുക്കുന്നതായാണ് സൂചന.