11/05/2026
[fontresizer_tawhidurrahmandear_widget]

അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചതിന് സാംസങ്ങിനെതിരെ 125 കോടിയുടെ നഷ്ടപരിഹാരക്കേസ്ഫയൽ ചെയ്ത് പോപ് ഗായിക ദുവാ ലിപ

 അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചതിന് സാംസങ്ങിനെതിരെ 125 കോടിയുടെ നഷ്ടപരിഹാരക്കേസ്ഫയൽ ചെയ്ത് പോപ് ഗായിക ദുവാ ലിപ

ലോസ് ആഞ്ചലസ്: സാംസങ്ങ് കമ്പനിക്ക് എതിരെ 15 മില്യൺ (ഏകദേശം 125 കോടി രൂപ)യുടെ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്ത് പ്രശസ്ത പോപ്പ് ഗായിക ദുവാ ലിപ. കമ്പനിയുടെ ടെലിവിഷൻ പാക്കേജിംഗിൽ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് ഗായിക നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

കഴിഞ്ഞ വർഷം മുതൽ സാംസങ് തങ്ങളുടെ ടിവി ബോക്‌സുകളിൽ ദുവാ ലിപയുടെ ചിത്രം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. 2024ലെ ഓസ്റ്റിൻ സിറ്റി ലിമിറ്റ്‌സ് മ്യൂസിക് ഫെസ്റ്റിവലിനിടെ ബാക്ക്‌സ്‌റ്റേജിൽ വെച്ച് എടുത്ത ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പകർപ്പവകാശം തനിക്കാണെന്നും, വാണിജ്യ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ താൻ ആർക്കും സമ്മതം നൽകിയിട്ടില്ലെന്നും ഗായിക വ്യക്തമാക്കുന്നു.

സാംസങ്ങിന്റെ ഈ നടപടി താൻ ഈ ബ്രാൻഡിനെ ഔദ്യോഗികമായി പിന്തുണയ്ക്കുന്നു എന്ന തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കാൻ ഇടയാക്കിയെന്ന് ദുവാ ലിപയുടെ അഭിഭാഷകർ വാദിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വലിയ മാർക്കറ്റിംഗ് ക്യാമ്പയിൻ നടന്നതെന്നും, ഇത് തന്റെ വ്യക്തിത്വ അവകാശങ്ങളുടെയും പകർപ്പവകാശത്തിന്റെയും ലംഘനമാണെന്നും ഗായിക ആരോപിക്കുന്നു. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാംസങ് അത് ഗൗരവമായി എടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കി.

ലോകപ്രശസ്തയായ ഒരു ഗായിക എന്ന നിലയിൽ താൻ വളരെ ശ്രദ്ധാപൂർവ്വം മാത്രമാണ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ തിരഞ്ഞെടുക്കാറുള്ളതെന്നും, അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചത് തന്റെ ബ്രാൻഡ് മൂല്യത്തെ ബാധിച്ചുവെന്നും ഇവർ കോടതിയെ അറിയിച്ചു. സാംസങ് ടിവി പാക്കേജിംഗിലെ ദുവാ ലിപയുടെ ചിത്രം കണ്ടാണ് അത് വാങ്ങിയതെന്ന് അവകാശപ്പെടുന്ന ചില ഉപഭോക്താക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പരാതിക്കൊപ്പം തെളിവായി സമർപ്പിച്ചിട്ടുണ്ട്. നിലവിൽ സാംസങ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Also read: