ദുബൈയിൽ വൻ ബിസിനസ് സാമ്രാജ്യം: സിനിമാ നടൻ മുതൽ മുഖ്യമന്ത്രി പദം വരെ വിജയ്‌യുടെ നിഴലായി നിന്ന മലയാളി
തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. താരത്തിന്റെ പേഴ്‌സണൽ ബോഡിഗാർഡായ മാഹിക്കാരൻ നയീം മൂസ. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ ഈ മലയാളി ഇന്ന് തമിഴ്‌നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു. സുരക്ഷാ ജീവനക്കാരൻ എന്നതിലുപരി വിജയ്‌യുടെ വിശ്വസ്തനും സുഹൃത്തും കൂടിയാണ് നയീം.
ജോലി അന്വേഷിച്ച് ദുബൈയിലെത്തിയ നയീം ബോഡി ബിൽഡറായി മാറുകയും പിന്നീട് ബോളിവുഡ് താരങ്ങളുടേയടയക്കം ബോഡി ഗാർഡായി മാറുകയുമായിരുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ മുതൽ ഡേവിഡ് ബെക്കാം ഉൾപ്പെടെ ലോകോത്തര താരങ്ങൾക്കു വരെ സുരക്ഷയൊരുക്കുന്ന ദുബൈ ആസ്ഥാനമായ ജെൻഡർ സെക്യൂരി സർവിസസ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ഉടമയാണ് ഇന്ന് നയീം മൂസ. വിൽ സ്മിത്ത്, ടോം ക്രൂസ്, ജസ്റ്റിൻ ബീബർ എന്നിവർ മുതൽ ഷാറൂഖ് ഖാൻ, വിരാട് കോഹ്‍ലി, റൊണാൾഡീന്യോ വരെ വി.വി.ഐ.പികളുടെ ദുബൈ സന്ദർശന വേളകളിൽ കുറ്റമറ്റ സ്വകാര്യ സുരക്ഷയൊരുക്കി ശ്രദ്ധേയനായാണ് നയീം വിജയിയുടെയും ഇഷ്ടക്കാരനായി മാറുന്നത്.
വിജയ് സിനിമകളിൽ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഗൾഫ് ഷോകളിലും ദുബായിലെ ഷൂട്ടിങ്ങുകളിലും സെക്യൂരിറ്റി ഒരുക്കിയത് നയീം ആയിരുന്നു.പിന്നീട് ടിവികെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ തമിഴ്‌നാട്ടിലെ വിജയ്‌യുടെ പര്യടനങ്ങളിലെല്ലാം നയീം നിഴലായി കൂടെ നിന്നു.കരൂർ പര്യടനത്തിനിടെ വിജയ്ക്ക് നേരെയുണ്ടായ സുരക്ഷാ ഭീഷണിക്കിടയിലും വിശ്വസ്തനായി നയീം ഒപ്പമുണ്ടായിരുന്നു.
തമിഴ്‌നാട് സർക്കാരും കേന്ദ്രവും വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും അതിന് പുറമെയാണ് നയീമിന്റെ സുരക്ഷയിൽ വിജയ് വിശ്വാസമർപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ ഇനി നയീം ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.