കേന്ദ്രസർക്കാരിന് ആശ്വാസം; പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ ഹൈക്കോടതി അനുമതി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ അനുമതി. റേസ് കോഴ്‌സ് റോഡിലെ സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് രണ്ടാഴ്ചയ്ക്കകം സ്വയം ഒഴിഞ്ഞുപോകാമെന്നും കോടതി വ്യക്തമാക്കി.
റേസ് കോഴ്‌സ് റോഡിലെ ഭായ് റാം ക്യാംപ്, മസ്‌ജിദ് ക്യാംപ്, ഡിഐഡി ക്യാംപ് എന്നിവിടങ്ങളിലെ താമസക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിൽ പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. അതിശക്തമായ സുരക്ഷാ മേഖലയിൽ അനധികൃതമായി ആളുകൾ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തരം ഭരണപരമായ തീരുമാനങ്ങളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പുനരധിവാസ കേന്ദ്രം വളരെ ദൂരെയാണെന്നും അവിടെ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കാട്ടി താമസക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സവ്‌ദ ഖേരയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ച കോടതി, ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയായിരുന്നു. ഇതിനോടകം 700-ഓളം പേർ പുതിയ കേന്ദ്രത്തിലേക്ക് താമസം മാറിയതായും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.