റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് യുഎസ് നിർത്തി; ഇന്ത്യക്ക് തിരിച്ചടി, ആഗോള വിപണിയിൽ ആശങ്ക
വാഷിങ്ടൺ: റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്.
ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് നിരക്കിൽ റഷ്യൻ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ്. പുതിയ യുഎസ് നിലപാട് വിതരണം വീണ്ടും പരിമിതപ്പെടുത്തുമെന്നും ആഗോള വിപണിയിൽ കടുത്ത വിലക്കയറ്റത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.