അറബികൾക്ക് മരണം, നിങ്ങളുടെ ഗ്രാമങ്ങൾ ചുട്ടെരിക്കും; ‘ഫ്ലാഗ് മാർച്ചിൽ’ കൊലവിളിയുമായി തീവ്ര ജൂത സംഘടനകൾ
ജെറുസലേം: 1967ലെ യുദ്ധത്തിന് ശേഷം കിഴക്കൻ ജറുസലേം ഇസ്രയേൽ കൈയടക്കിയതിന്റെ വാർഷികത്തോട് അനുബന്ധിച്ച് വംശീയ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്ര ജൂത സംഘടനകൾ. ‘അറബികൾക്ക് മരണം, നിങ്ങളുടെ ഗ്രാമങ്ങൾ ഞങ്ങൾ ചുട്ടെരിക്കും’ എന്നിങ്ങനെയുള്ള അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് റാലി നടത്തിയത്. ഫല്‌സ്തീൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘം അക്രമം അഴിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ വർഷവും ഇസ്രായേൽ നടത്തുന്ന ഈ പതാക ദിന റാലി (ഫ്‌ളാഗ് മാർച്ച്) ഫലസ്തീനികളെ പ്രകോപിപ്പിക്കുന്നതിനും നഗരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഫലസ്തീനികൾ തങ്ങളുടെ ഭാവി സ്വതന്ത്ര രാഷ്ട്രത്തിന്റെ തലസ്ഥാനമായി കാണുന്ന പ്രദേശമാണ് കിഴക്കൻ ജറുസലേം. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ ഈ പ്രദേശം കൈവശം വെച്ചിരിക്കുന്നത്.
പ്രകടനത്തിന് ഇസ്രയേൽ സുരക്ഷാ സേന കടുത്ത കാവൽ ഒരുക്കിയിരുന്നുവെങ്കിലും തീവ്ര ജൂതരുടെ അക്രമങ്ങൾ തടയാൻ അധികൃതർ തയ്യാറായില്ലെന്ന് ഫലസ്തീൻ അനുകൂല സംഘടനകൾ കുറ്റപ്പെടുത്തി. ഈ വംശീയ വിദ്വേഷം ആക്രോഷിക്കുന്ന റാലി ഫലസ്തീൻ ജനതയോടുള്ള കടുത്ത അവഹേളനമാണെന്നും ഇത് പ്രദേശത്ത് കൂടുതൽ വലിയ സായുധ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.