ഇന്ധനവില വീണ്ടും വർധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് 90 പൈസ വീതം
ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ വിലവർധനവായിരുന്നു അത്. പുതിയ വർധനവോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയായും ഡീസൽ വില 91.58 രൂപയായും ഉയർന്നു. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും പെട്രോൾ വില ഇതോടെ 110 കഴിഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 50 ശതമാനത്തിലധികം ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ആഗോളതലത്തിൽ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞ നാല് വർഷമായി വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 1000 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരുന്നത്.
വെള്ളിയാഴ്ച വരുത്തിയ 3 രൂപയുടെ വർധനവ് എണ്ണക്കമ്പനികളുടെയും പാചകവാതക (എൽ.പി.ജി) വിതരണക്കാരുടെയും പ്രതിദിന നഷ്ടം 1000 കോടിയിൽ നിന്ന് നാലിലൊന്നായി അതായത് 750 കോടി രൂപയായി കുറയ്ക്കാൻ സഹായിച്ചിരുന്നു. ചൊവ്വാഴ്ചത്തെ പുതിയ വർധനവ് കമ്പനികൾക്ക് കൂടുതൽ ആശ്വാസം നൽകുമെങ്കിലും ഇനിയും അവർ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വില ഒരുമിച്ച് കുത്തനെ കൂട്ടുന്നതിന് പകരം ഘട്ടം ഘട്ടമായി വർധിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കാരണമാണ് വില വർധനവ് വൈകിയതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില കൂട്ടൽ അനിവാര്യമായി മാറുകയുമായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.