എഫ്‌ഐആറിട്ട് പേടിപ്പിക്കാൻ നോക്കേണ്ട, ഇതുകൊണ്ടൊന്നും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി സംസാരിക്കുന്നത് നിർത്തില്ല; ഇഖ്‌റ ഹസൻ എംപി
ലക്‌നൗ: ഉത്തർപ്രദേശിലെ ശാംലിയിൽ മോനു കശ്യപ് എന്ന യുവാവിന്റെ കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇഖ്‌റ ഹസൻ എംപിക്കെതിരെ പോലീസ് കേസെടുത്തു. കൈരാന ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഇവർ മെയ് 19നാണ് സഹാരൺപൂരിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തിയത്.
സബ് ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 22നാണ് സദർ ബസാർ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനും മറ്റ് അനുയായികൾക്കുമൊപ്പം എംപി ഡിഐജി ഓഫീസിന് മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചെന്നും, ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പോലീസിന്റെ ആരോപണം. ഇഖ്റ ഹസൻ ഉൾപ്പെടെ എട്ടുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 25 പേർക്കെതിരെയുമാണ് നിയമവിരുദ്ധമായി സംഘം ചേരൽ, നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുള്ളത്.
എന്നാൽ എഫ്‌ഐആർ ഉൾപ്പെടെയുള്ള നിയമനടപടികൾ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കണ്ട, ഇതുകൊണ്ടൊന്നും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സംസാരിക്കുന്നത് നിർത്തില്ലെന്നും അവർ ഇഖ്‌റ ഹസൻ വ്യക്തമാക്കി. തങ്ങളെ വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളുടെ നീതിക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും, സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുന്നതിനെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ എഫ്‌ഐആർ എന്നും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന എംപിയായ ഇവർക്ക് എതിരെയുള്ള പോലീസ് നടപടിയിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏപ്രിൽ 21നാണ് ശാംലി ജില്ലയിലെ ജസാല ഗ്രാമവാസിയായ മോനു കശ്യപ് എന്ന യുവാവിനെ കാണ്ഡ്‌ല റെയിൽവേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി ഇയാളുടെ ഒരു കാൽ അറ്റുപോയിരുന്നു. തുടർന്ന് മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം മോനു മരണപ്പെട്ടു. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തിൽ മോനുവിനെ ട്രെയിനിനു മുമ്പിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ കൂടുതൽ പേർ ഇതിൽ ഉണ്ടെന്നും അവരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലമാക്കണമെന്നാണ് മോനുവിന്റെ കുടുംബത്തിന്റെ ആവശ്യം.