03/06/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിയും വീണയും അറസ്റ്റിലാകും; മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം’ -ഷോൺ ജോർജ്

 ‘പിണറായിയും വീണയും അറസ്റ്റിലാകും; മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയക്കുക തന്നെ വേണം’ -ഷോൺ ജോർജ്

കൊച്ചി: പിണറായിയുടെ മകൾ വീണ വിജയൻ മാസപ്പടി കേസിൽ മൂന്നാം പ്രതിയാണെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് ഈ കുറ്റപത്രത്തിൽ വ്യക്തമാണ്. ഇഡി അന്വേഷണത്തിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഇന്നലെ കേരള ഹൈക്കോടതി നീക്കിയതാണ് ഇപ്പോഴത്തെ അടിയന്തിര നടപടികൾക്ക് ആധാരം. ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് സ്റ്റേ വാങ്ങിയാണ് ഇത്രയും കാലം ഇവർ അന്വേഷണം തടസ്സപ്പെടുത്തിയിരുന്നത്.

തുടക്കം മുതലേ ഈ അന്വേഷണത്തെ അട്ടിമറിക്കാൻ വലിയ ശ്രമങ്ങളാണ് ഇവർ നടത്തിയത്. എസ്എഫ്ഐഒയുടെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് അതിൽ വീണ മൂന്നാം പ്രതിയാണ്. കമ്പനി ലോ അനുസരിച്ച് നടത്തിയ എൻക്വയറിയിൽ ആ കമ്പനി അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള സ്വത്ത് ഏതെങ്കിലും തരത്തിലുള്ള സേവനം നൽകിയിട്ടല്ല പണം കൈപ്പറ്റിയത് എന്നുള്ളത് വളരെ വ്യക്തമായി ആ കുറ്റപത്രത്തിൽ ഉണ്ട്.

മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയെ സമീപിച്ചതിനെ പരോക്ഷമായി പരാമർശിച്ച ഷോൺ ജോർജ്, വിജിലൻസിന് പോകണമെന്നുണ്ടെങ്കിൽ പിണറായി വിജയൻ പ്രധാന പ്രതിയാകണമെന്നും ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വീണാ വിജയനാണെന്നും ചൂണ്ടിക്കാട്ടി. വീണ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ വീണയുമായിട്ട് അനധികൃതമായ സാമ്പത്തിക ഇടപാട് നടന്നു എന്ന് തെളിയുന്നിടത്ത് മാത്രമേ വിജിലൻസ് ഉൾപ്പെടെയുള്ളവർക്ക് സ്കോപ്പ് ഉള്ളു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിജിലൻസ് എൻക്വയറിക്ക് കൊടുത്തിട്ട് കാര്യമില്ല എന്ന്. ഇവിടെ എസ്എഫ്ഐഒ എൻക്വയറി ആണ് നടന്നത്. ആ എൻക്വയറി പൂർത്തീകരിച്ചു വീണ ആ കേസിൽ മൂന്നാം പ്രതിയാണ്. ഒരുപക്ഷേ കേരളം ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് വീണ ആ കേസിൽ മൂന്നാം പ്രതിയാണ് എന്നത്. യാതൊരു സേവനവും നൽകാതെ പിണറായിയുടെ മകൾ ഇത്തരത്തിൽ പണം കെപ്പറ്റിയിട്ടുണ്ട്. അത് ആർക്ക് വേണ്ടിയാണ് എന്നുള്ളത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യമാണ് നടന്നതെന്നും ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മകളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പണം നൽകിയതിന്റെ വലിയൊരു പട്ടിക കോടതിയിലുണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ താൻ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എസ്എഫ്ഐഒയും ഇഡിയും അതുപോലെതന്നെ സിബിഐയും ഈ കേസിൽ ഉണ്ടാകണം. കാരണം അടുത്ത ഘട്ടത്തിൽ കേരളത്തിൽ ഇവരിൽ നിന്നും പണം കൈപ്പിറ്റിയിട്ടുള്ളത് പിണറായി വിജയൻ മാത്രമല്ല. ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റാണ് കോടതിയിൽ ഇരിക്കുന്നത്. ആ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ കൊടുത്ത ഹർജി, അതിലും സ്റ്റേ മേടിച്ചു വെച്ചേക്കുകയാണ്. അത് ഹൈക്കോടതി പരിഗണനയിലാണ്. അതിലും എനിക്ക് അനുകൂലമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വാഭാവികമായിട്ടും കേരളത്തിലെ പൊതുസമൂഹത്തിൽ ഇന്ന് മാന്യന്മാരെന്ന് നിങ്ങളൊക്കെ വിലയിരുത്തിയിട്ടുള്ള പലരും ആ ലിസ്റ്റിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം.

മുഖ്യമന്ത്രിയാണോ അല്ലയോ എന്നുള്ളത് ഇഡിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന വിഷയമല്ല. മുഖ്യമന്ത്രിയായിരുന്ന എത്രയോ വ്യക്തികളെ പേടിക്കാതെ നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയൻ. സിപിഎം ഭയപ്പെടണം അതിന് സംശയം വേണ്ട. കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കൈക്കൂലി മേടിച്ചിട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭയപ്പെടുക തന്നെ ചെയ്യും അത് തുടർന്നുള്ള ദിവസങ്ങളിൽ അവർക്ക് മനസ്സിലാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Also read: