02/06/2026
[fontresizer_tawhidurrahmandear_widget]

സനാതന ഹിന്ദുക്കളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേൽപ്പിച്ചു; മമത ബാനർജിക്കെതിരെ കേസ്

 സനാതന ഹിന്ദുക്കളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേൽപ്പിച്ചു; മമത ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. മേയ് 20-നാണ് ഇവർ പരാതി നൽകിയതെന്നും, ആദ്യഘട്ടത്തിൽ കേസെടുക്കാൻ മടിച്ച പോലീസ് നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് എഫ്ഐആർ രേഖപ്പെടുത്താൻ തയ്യാറായതെന്നും അഭിഭാഷക ആരോപിച്ചു.

2025ൽ നടന്ന ഒരു മതപരമായ ചടങ്ങിലും, തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധർമ്മതലയിൽ നടന്ന പ്രതിഷേധ പരിപാടിയിലും മമത ബാനർജി നടത്തിയ രണ്ട് വിവാദ പരാമർശങ്ങൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സനാതന ഹിന്ദുക്കളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നുണ്ട്. ഭരണഘടനാ വിരുദ്ധവും പ്രകോപനപരവുമായ പ്രസ്‌താവനകളാണ് മമത നടത്തിയതെന്ന് പരാതിക്കാരി ആരോപിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒരു പ്രത്യേക വിഭാഗത്തിന് വിചാരിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ മറ്റുള്ളവരെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ പരാമർശമെന്നും, ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്‌തിയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ ഒട്ടും പ്രതീക്ഷിക്കുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കുറ്റകരമായ ഭീഷണിപ്പെടുത്തൽ, സമാധാന ലംഘനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മനഃപൂർവമായ അപമാനം, വ്യാജ പ്രസ്‌താവനകൾ പ്രചരിപ്പിക്കൽ, ദൈവകോപമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തൽ, ക്രിമിനൽ അപകീർത്തിപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മനപൂർവവും ദോഷകരവുമായ പ്രവൃത്തികൾ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മമതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചതായി സിലിഗുരി പോലീസ് കമ്മിഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ സ്‌ഥിരീകരിച്ചു.

Also read: