02/06/2026
[fontresizer_tawhidurrahmandear_widget]

‘ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധി, കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു’; ഇഡി റെയ്ഡിന് പിന്നാലെയുള്ള സംഘർഷങ്ങളിൽ ജോയ് മാത്യു

 ‘ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധി, കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു’; ഇഡി റെയ്ഡിന് പിന്നാലെയുള്ള സംഘർഷങ്ങളിൽ ജോയ് മാത്യു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ തൈക്കണ്ടിയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ, അതീവ സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരായ അക്രമികളെ വിവേകം കൊണ്ട് കീഴ്‌പ്പെടുത്തിയ ആഭ്യന്തരമന്ത്രിയുടെ നീക്കത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ജോയ് മാത്യു തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

കേന്ദ്ര ഏജൻസിയായ ഇഡി, യുവസംരംഭകയായ വീണ തൈക്കണ്ടിയുടെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോൾ ലഭിച്ച അവസരം മുതലെടുക്കാൻ അവരുടെ പിതാവിന്റെ പാർട്ടി നേതാക്കൾ അണികളെ ഇളക്കിവിടാൻ ശ്രമിച്ചുവെന്ന് ജോയ് മാത്യു വിമർശിച്ചു. ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനവും ഡ്രൈവറെയും അക്രമികൾ തല്ലിച്ചതച്ചപ്പോൾ കേരള പോലീസ് കാഴ്ചക്കാരായി നിന്നതിനെ പലരും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തിയത്. എന്നാൽ, അതിന് പിന്നിൽ ആഭ്യന്തരമന്ത്രിയുടെ വലിയൊരു ബുദ്ധിപരമായ നീക്കമുണ്ടായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു.

പോലീസ് എന്തെങ്കിലും രീതിയിൽ ബലം പ്രയോഗിച്ചിരുന്നെങ്കിൽ പ്രതിപക്ഷ ഗുണ്ടകൾ അക്രമം അഴിച്ചുവിടുമായിരുന്നു. അത് ഹർത്താലിലേക്കും പൊതുജനങ്ങളുടെ കഷ്ടനഷ്ടങ്ങളിലേക്കും വഴിമാറുമെന്ന് ആഭ്യന്തരമന്ത്രി മുൻകൂട്ടി കണ്ടു. സംഘർഷത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ പോലും കേന്ദ്രം മടിക്കില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് പോലീസ് മന്ത്രി പക്വതയോടെ കരുക്കൾ നീക്കിയത്. അക്രമികളെ നേരിടാൻ പന്ത് കേന്ദ്രസേനയുടെ കോർട്ടിലേക്ക് തള്ളിക്കൊടുത്ത ആഭ്യന്തരമന്ത്രിയുടെ തന്ത്രം വിജയിച്ചുവെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. അക്രമികളിൽ നിന്നും കേരളത്തെ രക്ഷിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു സല്യൂട്ട് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

Also read: