‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക് മമതയുടെ ഭീഷണി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അഭിഷേക് ബാനർജിയെ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിക്കാൻ ബിജെപി നേതാക്കളും പോലീസും ചേർന്ന് ആശുപത്രി അധികൃതരിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആശുപത്രി മേധാവിയെ മമത തന്നെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തുവന്നത്.
തീർത്തും രൂക്ഷമായ ഭാഷയിലാണ് ഓഡിയോയിൽ മമത സിഇഒയോട് സംസാരിക്കുന്നത്. ‘മിസ്റ്റർ ടണ്ഡൻ, നിങ്ങൾക്ക് വലിയൊരു തെറ്റാണ് പറ്റിയിരിക്കുന്നത്. ഞങ്ങൾ മുൻപ് നിങ്ങൾക്കായി ചെയ്ത സഹായങ്ങളൊന്നും മറക്കരുത്. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾ കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണ്, നിങ്ങൾക്ക് നാണമില്ലേ? നിങ്ങളുടെ ഈ അഹങ്കാരം എല്ലാവരും ഓർക്കും. ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. എന്നാൽ, നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല. കേന്ദ്രസർക്കാർ ഇല്ലാത്ത ഒരുദിവസം വരും. അന്ന് ഞങ്ങൾ നോക്കിക്കോളാം’ എന്നാണ് മമതയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം സോനാർപുരിൽ വെച്ചാണ് ലോക്സഭാ എംപിയായ അഭിഷേക് ബാനർജിക്ക് നേരെ കടുത്ത അക്രമമുണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ട ഒരു തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഒരു സംഘം ആളുകൾ എംപിയുടെ വാഹനം തടഞ്ഞത്. അഭിഷേകിന് നേരെ കല്ലുകളും ചീമുട്ടകളും എറിഞ്ഞ അക്രമികൾ ‘കള്ളൻ’ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തു. ക്രിക്കറ്റ് ഹെൽമെറ്റ് ധരിച്ചാണ് അഭിഷേക് അന്ന് അക്രമികളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ അവിടെ നിന്നും മാറ്റിയത്.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. പരിക്കേറ്റ അഭിഷേകിനെ ആദ്യം അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് ബെല്ലെ വ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റുകയായിരുന്നു. 3D സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുമ്പോഴും, ഡിസ്ചാർജ് ചെയ്യിക്കാൻ ബിജെപി നേതാക്കളും പോലീസ് ഡെപ്യൂട്ടി കമ്മീഷണറും ചേർന്ന് ആശുപത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മമത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് ആശുപത്രി സിഇഒയെ മമത വാക്കാൽ നേരിടുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരിക്കുന്നത്.