‘വെള്ളാപ്പള്ളി പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല, നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും’: റിജിൽ മാക്കുറ്റി
കോഴിക്കോട്: മന്ത്രിമാർ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും സന്ദർശിച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത്. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്നും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന തിരിച്ചടി വളരെ വലുതായിരിക്കുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ വെള്ളാപ്പള്ളി നടേശനെയുമാണ് നേരിട്ട് പോയി കണ്ടത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് എൽഡിഎഫിന് കനത്ത തിരിച്ചടിയായതെന്നും ഇത് നേതാക്കൾ കൃത്യമായി തിരിച്ചറിയണമെന്നും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വലിയ വിമർശനമുയർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെ സന്ദർശിച്ചത്. എൻഡിഎ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയെ ചെന്നിത്തല പോയി കണ്ടത് രാഷ്ട്രീയമായി ഒട്ടും ശരിയല്ല എന്ന കടുത്ത വിമർശനവും ഇപ്പോൾ ശക്തമാണ്.