മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; അസാധാരണ നീക്കം പാര്‍ട്ടിയിലെ പിളര്‍പ്പ് വാര്‍ത്തകള്‍ക്കിടെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സമ്മർദ്ധത്തിലായ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും തങ്ങൾക്ക് 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ നിർണായക നീക്കം. ഋതബ്രത ബാനർജിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിർദേശിച്ചുകൊണ്ട് 58 എംഎൽഎമാർ ഒപ്പിട്ട കത്ത് വിമതർ ഇന്ന് സ്പീർക്കർക്ക് കൈമാറിയിരുന്നു.
നിലവിലുള്ള കമ്മിറ്റികളിലെ പല മുതിർന്ന നേതാക്കൾക്കും വീഴ്ചകൾ സംഭവിച്ചതായും, താഴേത്തട്ടിലുള്ള അണികളുമായി അവർക്ക് കൃത്യമായ ബന്ധം പുലർത്താൻ സാധിച്ചില്ലെന്നും പാർട്ടി വിലയിരുത്തുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ യുവനേതൃത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും പുനഃസംഘടിപ്പിക്കാനാണ് മമത ബാനർജിയും സംഘവും ഇപ്പോൾ പദ്ധതിയിടുന്നത്. കൂറുമാറ്റ നീക്കങ്ങളെ തടയുന്നതിനും അച്ചടക്കം കർശനമാക്കുന്നതിനും വേണ്ടി വരും ദിവസങ്ങളിൽ തന്നെ എല്ലാ ജില്ലകളിലും പുതിയ താൽക്കാലിക കോർഡിനേറ്റർമാരെ നിയമിക്കുകയും പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും.