5 ജില്ലകളിൽ റെഡ് അലർട്ട്; കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു’ ജില്ലാ കളക്ടർമാർ അറിയിച്ചു.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവുമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.