‘സ്വകാര്യത മാനിക്കാതെ അതിക്രമിച്ചു കയറുന്നു’; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണമെന്ന് രമേശ് പിഷാരടി
കൊച്ചി: സലിം കുമാറിൻ്റെ സംസ്‌കാര ചടങ്ങിൽ ഓൺലൈൻ മാധ്യമ പ്രവർത്തകർ കാണിച്ച അനാവശ്യ തിരക്കിനും കടന്നുകയറ്റത്തിനുമെതിരെ രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിൻ്റെ സ്വകാര്യത പോലും മാനിക്കാതെ ഒരു പറ്റം പേർ നടത്തിയ പെരുമാറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്‌കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവർത്തകർ മൊബൈൽ ചിത്രീകരണത്തിനായി കൂടി. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകൻ ചന്തുവും ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും തിരക്ക് ഒഴിവാക്കാൻ ചിലർ തയാറായില്ല. ഈ സാഹചര്യത്തിലാണ് ചന്തുവിന് വൈകാരികമായി പ്രതികരിക്കേണ്ടി വന്നത്. മകൻ്റെ ആ പ്രതികരണത്തിൽ തെറ്റില്ലെന്നും, അവൻ അത്രയധികം മാനസിക വേദനയിലായിരുന്നുവെന്നും’ പിഷാരടി പറഞ്ഞു.
ഒരു വ്യക്തിയുടെ മരണവും സംസ്ക്‌കാരവും പോലെ അതീവ ദുഃഖകരമായ നിമിഷങ്ങളിൽ പോലും സ്വകാര്യത മാനിക്കാതെ ചില മൊബൈൽ മാധ്യമ പ്രവർത്തകർ പെരുമാറിയത് അങ്ങേയറ്റം വേദനാജനകമാണ്. പൊതുപരിപാടികളിൽ ചിത്രീകരിക്കുന്നത് തെറ്റല്ല, എന്നാൽ ഇത്തരമൊരു സന്ദർഭത്തിൽ കാണിച്ച കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം വേദനാജനകമായ സന്ദർഭങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ അനാവശ്യമായ തമ്പ്നെയിലുകളും ക്യാപ്ഷനുകളും നൽകി യൂട്യൂബിലും മറ്റും പങ്കുവെക്കുന്നത് വിവേകശൂന്യമാണ്.
ഓൺലൈൻ ഹാൻഡിലുകൾ കുറച്ചുകൂടി ബോധത്തോടെയും പക്വതയോടെയും പ്രതികരിക്കണം. ഇത്തരം ഓൺലൈൻ മാധ്യമങ്ങളുടെ അതിക്രമങ്ങൾ തടയുന്നതിനായി യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശനമായ നിയന്ത്രണങ്ങൾ വരണമെന്നും പിഷാരടി അഭിപ്രായപ്പെട്ടു.