‘കുടിയേറ്റക്കാരില്ലാതെ എന്ത് ഫുട്ബോൾ? ലോകകപ്പിന്റെ ആത്മാവ് കെടുത്തുന്ന ട്രംപിസം’; ലോകകപ്പ് നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മംദാനി
ന്യൂയോർക്ക്: 2026-ലെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി രംഗത്ത്. ട്രംപ് സർക്കാരിന്റെ വിസ നിഷേധം, നാടുകടത്തൽ, വിമാനത്താവളങ്ങളിലെ കർശനമായ പരിശോധനകൾ എന്നിവ ടൂർണമെൻ്റിൻ്റെ ആവേശം കെടുത്തുന്നതാണെന്നും ഫുട്‌ബോളിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടിയേറ്റക്കാരാണ് ഫുട്‌ബോളിൻ്റെ യഥാർത്ഥ ആത്മാവെന്ന് സൊഹ്റാൻ മംദാനി ഓർമിപ്പിച്ചു. ‘കുടിയേറ്റക്കാരില്ലാതെ ഫുട്ബോൾ നിലനിൽക്കില്ല. കളിക്കാരും പരിശീലകരും സ്റ്റേഡിയം ജീവനക്കാരും ആരാധകരുമെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ആവാസവ്യവസ്ഥ കുടിയേറ്റക്കാരാൽ കെട്ടിപ്പടുക്കപ്പെട്ടതാണ്. അവരാണ് ലോകകപ്പ് പോലുള്ള വലിയ ആഘോഷങ്ങൾ സാധ്യമാക്കുന്നത്. യുഎസ് ദേശീയ ടീമിലെ ആറ് അംഗങ്ങൾ കുടിയേറ്റക്കാരാണെന്ന വസ്തുത നാം മറക്കരുത്,’ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കും പരിശീലകർക്കും കളിക്കാരും അടക്കമുള്ളവർക്ക് വിസ നിഷേധിക്കുന്ന ഫെഡറൽ ഭരണകൂടത്തിൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മേയർ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൊമാലിയൻ റഫറി ഒമർ അബ്‌ദുൽകാദിർ അർതാന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതും, ഇറാൻ ടീമിന് വെറും ഒരു ദിവസത്തെ വിസ നൽകി പ്രതിനിധികളിൽ 15 പേരെ തടഞ്ഞതും മംദാനി ചൂണ്ടിക്കാട്ടി. ഇറാഖി നായകൻ അയ്‌മൻ ഹുസൈനെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചതും, ടീം ഫോട്ടോഗ്രാഫറെ നാടുകടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സെനഗൽ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളോട് അമേരിക്കൻ നിയമപാലകർ മോശമായി പെരുമാറിയതും വലിയ വിമർശനം ഉയർത്തി. ഈ തീരുമാനങ്ങൾ ലോകകപ്പ് എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അതിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ പരിശോധന ശക്തമാക്കുമെന്ന ‘ബോർഡർ സാർ’ ടോം ഹോമാന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും മംദാനി പ്രഖ്യാപിച്ചു. ലോകം മുഴുവൻ നമ്മുടെ നഗരത്തിലേക്ക് വരുമ്പോൾ, കുടിയേറ്റക്കാരായ അയൽക്കാർക്കൊപ്പം നാം അഭിമാനത്തോടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റ പ്രശ്‌നങ്ങൾക്ക് പുറമെ, കഴിഞ്ഞ ഖത്തർ ലോകകപ്പിനേക്കാൾ ഏഴിരട്ടി വരെയായി വർധിപ്പിച്ച അമിതമായ ടിക്കറ്റ് നിരക്കിന് പിന്നിലെ ‘കോർപ്പറേറ്റ് അത്യാഗ്രഹത്തെക്കുറിച്ച്’ ന്യൂയോർക്ക്, ന്യൂജേഴ്‌സി അറ്റോർണി ജനറൽമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11-നാണ് ആരംഭിക്കുന്നത്.