യുഎസ് ആക്രമിച്ച എണ്ണക്കപ്പലിൽ നിന്ന് കാണാതായ രണ്ട് ഇന്ത്യക്കാർ മരിച്ചുവെന്ന് സ്ഥിരീകരണം
ന്യൂഡൽഹി: ഒമാൻ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ യുഎസ് സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിന് ഇരയായ കപ്പലിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരിൽ രണ്ടുപേർ മരിച്ചു എന്ന് സ്ഥിരീകരണം. ഡക്ക് കേഡറ്റ് ആദിത്യ ശർമ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു. ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്. ജൂൺ ഒമ്പതിന് രാത്രി നടന്ന ആക്രമണത്തെ തുടർന്ന്, തകർന്ന കപ്പലിൽ നിന്ന് 21 ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചിരുന്നു.
ജൂൺ ഒമ്പതിന് പ്രാദേശിക സമയംരാത്രി 11:14 ഓടെയാണ് ഒമാൻ തീരത്തിന്റെ പുറങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എംടി സ്റ്റ്‌ബെലോ എന്ന എണ്ണക്കപ്പലിനു നേരെ യുഎസ് സൈന്യം മിസൈൽ ആക്രമണം നടത്തിയത്. പലാവു പതാകയുള്ള കപ്പൽ, മുന്നറിയിപ്പുകൾ ലംഘിച്ചുവെന്നും അതിനാൽ ആക്രമണം നടത്തുകയായിരുന്നുവെന്നും യുഎസ് സെന്റ്‌കോം അറിയിച്ചു. സംഭവത്തിൽ കപ്പലിന് സാരമായ കേടുപാടുകൾ പറ്റി. മണിക്കൂറുകൾക്കു ശേഷം കപ്പലിൽ നിന്ന് ഇന്ത്യക്കാരായ 21 ജീവനക്കാരെ ഒമാൻ സൈന്യം ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.