‘സംസ്ഥാനത്ത് പുതിയ മദ്യനയം ഉണ്ടാകും ബജറ്റ് അവതരണത്തിന് ശേഷം ചർച്ച’; എക്സൈസ് മന്ത്രി എം.ലിജു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം.ലിജു. ബജറ്റ് അവതരണത്തിന് ശേഷം ചർച്ചകളിലേക്ക് കടക്കുമെന്നും കേരളത്തിന് പ്രയോജനപ്രദമായ നയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയിൽ പദ്ധതി നടപ്പിലാക്കുമെന്നും സഹകരണ സംഘങ്ങൾക്കും സഹകാരികൾക്കും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘എൽഡിഎഫ് സർക്കാറിന്റേത് പോലുള്ള മദ്യനയമല്ലല്ലോ ഞങ്ങളുടേത് ബജറ്റ് അവതരണത്തിന് ശേഷം അത്തരം ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് നേതൃത്വവുമായും കോൺഗ്രസ് നേതൃത്വവുമായും കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനം. സ്റ്റേക്ക് ഹോൾഡേഴ്സുമായും ചർച്ച നടത്തും. ചർച്ചകൾക്കൊടുവിൽ കേരള സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിലുള്ള മദ്യനയം കേരളത്തിൽ പ്രഖ്യാപിക്കും’. മന്ത്രി പറഞ്ഞു.
നിലവിൽ എക്സൈസിന് മുന്നിൽ പരിമിതികളുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിൽ പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് പോലുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന് തൂഫാന് പിന്നാലെ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 26ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.