യുപിയിൽ എട്ടുദിവസമായി വയലിൽ വട്ടംചുറ്റിയ പശുവിന് ‘അത്ഭുതശക്തിയെന്ന്’ ഗ്രാമീണർ; ഒടുവിൽ അസുഖമെന്ന് കണ്ടെത്തി വെറ്റിനറി സംഘം
ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്‌തി ജില്ലയിലെ വയലിൽ എട്ട് ദിവസത്തോളം അസ്വാഭാവികമായി വട്ടം ചുറ്റി നടന്ന പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിദ്ധരിച്ച് ആരാധിച്ച് ഗ്രാമീണർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബാസ്‌ഭാരിയ ഗ്രാമത്തിലാണ് ഒരു പശു എട്ട് ദിവസമായി വയലിൽ വട്ടത്തിലുള്ള പാതയിലൂടെ മാത്രം സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഒരു അത്ഭുത പ്രവൃത്തിയായി ഗ്രാമീണർ തെറ്റിദ്ധരിക്കുകയായിരുന്നു. ചിലർ തങ്ങൾക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് കരുതി ഈ പശുവിന് പിറകെ നടന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, പശു ഇത്തരത്തിൽ സഞ്ചരിക്കാൻ കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‘ട്രൈപനോസോമിയാസിസ്’ എന്ന ആരോഗ്യപ്രശ്നമാണ് പശുവിനെന്ന് ജില്ലയിലെ വെറ്റിനറി ഓഫീസർ ഡോ. സുനിൽ സിങ് അറിയിച്ചു. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണിത്.
പശു അസ്വാഭാവികമായി അലഞ്ഞുതിരിയുന്ന വിവരമറിഞ്ഞതിനെത്തുടർന്ന് ജില്ലാ ഭരണകൂടമാണ് വെറ്റിനറി സംഘത്തെ പ്രദേശത്തേക്ക് അയച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് ആരോഗ്യ പ്രശ്നമുള്ളതാണ് അസ്വാഭാവികമായി അലഞ്ഞ് തിരിയാൻ കാരണമെന്ന് വിദഗ്ധ സംഘം കണ്ടെത്തിയത്.
നേരത്തെ, പശുവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകാനായി രക്ഷാപ്രവർത്തകരുടെ സംഘം പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ പശുവിനെ കൊണ്ടുപോകാൻ രക്ഷാ പ്രവർത്തകരുടെ സംഘത്തെ ഗ്രാമീണർ ആദ്യം അനുവദിച്ചില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശുവിന് ചുറ്റും കൂടി ഗ്രാമീണർ ആരാധന നടത്തിവരികയായിരുന്നു. പിന്നീട് വെറ്റിനറി ഉദ്യോഗസ്ഥരുടെ സംഘം രോഗാവസ്ഥയെക്കുറിച്ച് കൃത്യമായി വിശദീകരിച്ച ശേഷമാണ് ഗ്രാമീണർ പശുവിനെ ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.