15/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം’; റദ്ദാക്കണമെന്ന് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി

 ‘പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം’; റദ്ദാക്കണമെന്ന് ഹൈകോടതിയിൽ  പൊതുതാൽപര്യ ഹരജി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്.

യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുന്നത് വിവേചനപരമാണ്. സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (3) സർക്കാരിന് അധികാരം നൽകുന്നുണ്ടെങ്കിലും, അത് കൃത്യമായ ലക്ഷ്യത്തോടും പ്രത്യേക പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാർവത്രികമായ ഇത്തരം സബ്‌സിഡികൾ ഈ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ പറയുന്നു.

ഈ പദ്ധതി വഴി പ്രതിദിനം ഏകദേശം രണ്ട് കോടി രൂപയും വർഷത്തിൽ 800 കോടി രൂപയുമാണ് സംസ്ഥാന ഖജനാവിന് വരുന്ന ചെലവ്. നിലവിൽ പ്രതിവർഷം 1,500 കോടി രൂപ സർക്കാർ സഹായം കൈപ്പറ്റുന്ന കെ.എസ്.ആർ.ടി.സിക്ക് മേൽ ഈ പദ്ധതി വലിയൊരു അധിക സാമ്പത്തിക ബാധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നയരൂപീകരണ പഠനങ്ങളോ ആവശ്യമായ വിലയിരുത്തലുകളോ സാമ്പത്തിക പ്രത്യാഘാത പഠനങ്ങളോ നടത്താതെ, തിരഞ്ഞെടുപ്പ് വാഗ്ദാനം യാന്ത്രികമായി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Also read: