17/06/2026
[fontresizer_tawhidurrahmandear_widget]

കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചു; യുപിയിൽ ദലിത് യുവാവിനെ സഹപ്രവർത്തകർ തല്ലിക്കൊന്നു, 3 പേർ അറസ്റ്റിൽ

 കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചു; യുപിയിൽ ദലിത് യുവാവിനെ സഹപ്രവർത്തകർ തല്ലിക്കൊന്നു, 3 പേർ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33-കാരനായ ദലിത് യുവാവിനെ തല്ലിക്കൊന്നു. രാജ്കുമാർ (ചന്നു) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവർത്തകരായ സമ്യക് രാജ്നായക് (38), ഗജേന്ദ്ര നർവാരിയ (37), ഗൗരവ് റൈക്വാർ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിലൊരാളായ സമ്യകിന്റെ വീട്ടിൽ നടന്ന മദ്യപാനത്തിനിടെയാണ് സംഭവം. മദ്യപിച്ച പ്രതികൾ രാജ്കുമാറിനോട് തങ്ങളുടെ കാൽ മസാജ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജ്കുമാർ ഇത് വിസമ്മതിച്ചതോടെ പ്രതികൾ ബെൽറ്റും ഇരുമ്പ് വടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കലു സിങ് അറിയിച്ചു.

തുടർന്ന് വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം വർണി ജെയിൻ കോളേജിന് പിന്നിലെ റോഡിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാവിലെ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ അമ്മ നൽകിയ പരാതിയിൽ കൊലപാതകക്കുറ്റത്തിനും എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.

Also read: