രണ്ട് ദിവസത്തിനിടെ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചത് 84 തവണ; നിർത്തിയില്ലെങ്കിൽശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
തെഹ്‌റാൻ: ഇറാൻ-അമേരിക്ക സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ഇസ്രയേൽ നിരവധി തവണ വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ. തെക്കൻ ലബനാനിൽ ഇസ്രയേൽ സൈന്യം 84 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ഇറാന്റെ സായുധ സേനയുടെ സംയുക്ത കമാൻഡായ ഖതമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് ആരോപിച്ചു. അക്രമണം ഉടനടി നിർത്തിവെക്കാൻ ഇസ്രയേൽ തയ്യാറാകാത്ത പക്ഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
മേഖലയിലെ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ സൈന്യം ലബനാനിലെ സാധാരണക്കാർക്ക് നേരെ കടുത്ത അക്രമണം തുടരുന്നതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ലബനാനിലെ നബാത്തിയ മേഖലയിൽ ഇസ്രയേൽ നടത്തിയ മാരകമായ ഡ്രോൺ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ ആക്രമങ്ങൾക്ക് മറുപടിയായാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം.
അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണപത്രം പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖത്തെയും സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ വ്യവസ്ഥയുണ്ടെന്ന് ഇറാൻ വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാറിന്റെ പരിധിയിൽ നിന്ന് ലബനാനെ മാറ്റിവെക്കാൻ കഴിയില്ലെന്നും, അവിടെ ഇസ്രയേൽ നടത്തുന്ന ഏതൊരു നീക്കവും സമാധാന കരാറിന്റെ ലംഘനമായി മാത്രമേ കാണാൻ സാധിക്കൂ എന്നാണ് ഇറാന്റെ നിലപാട്.
പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന നയതന്ത്ര ശ്രമങ്ങളിലൂടെ മേഖല ഒരു സമാധാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ഇസ്രയേൽ തുടരുന്ന ഈ കടുത്ത നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. തങ്ങൾക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് വാദിച്ചാണ് ഇസ്രയേൽ ഈ ആക്രമങ്ങൾ നടത്തുന്നത്. നിലവിലെ സമാധാന ധാരണകളെ ബാധിക്കാതിരിക്കാൻ ഇരുവിഭാഗവും പരമാവധി സംയമനം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജൂൺ 19ന് സ്വിറ്റ്‌സർലൻഡിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാനിരിക്കെയാണ് അതിർത്തി വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നത്.