‘ഇത് വെറും ധാരണാപത്രം, എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലേൽ വീണ്ടും ഇറാനിൽ ബോംബിടും’;ഡൊണാൾഡ് ട്രംപ്
ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അന്തിമമായിട്ടില്ലെന്നും, ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പാണ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചത്. സമാധാന കരാറിനോട് അടുക്കുന്നതിനിടെയാണ് ഈ മലക്കം മറിച്ചിൽ. നിലവിൽ പൂർത്തിയായത് അന്തിമ കരാറല്ലെന്നും വെറും ധാരണാപത്രം മാത്രമാണെന്നുമാണ് ട്രംപിന്റെ വാദം.
ഈ കരാർ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ അല്ലെങ്കിൽ ഇറാൻ കരാർ ലംഘിച്ചാലോ വീണ്ടും ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇരിക്കെയാണ് ട്രംപിൽ നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കുകയും പ്രോക്‌സി സംഘടനകൾക്ക് ഫണ്ടിങ് അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ അവർക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയുള്ളൂ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും ലബനാനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും, അതിർത്തിയിൽ ഇറാൻ സൈന്യം തിരിച്ചടിക്ക് തയ്യാറെടുക്കുന്നതും നിലവിലെ സമാധാന നീക്കങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.