‘ലീഗിന്റെ വർഗീയത തുറന്നുപറഞ്ഞാൽ വർഗീയവാദിയാക്കുമോ? തോൽവിയുടെ കാരണം വെള്ളാപ്പള്ളിയാണെന്ന് വരുത്താൻ എൽഡിഎഫ് ശ്രമിച്ചാൽ നേരിടും’; എസ്എൻഡിപി ഭാരവാഹികൾ
കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് കോട്ടയം ജില്ലയിലെ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ന്യൂനപക്ഷ പ്രീണനവും മുസ്ലിം ലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറയുന്നവരെ വർഗീയവാദികളാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാൻ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം വെള്ളാപ്പള്ളിയുടെ മേൽ കെട്ടിവെക്കാൻ ചില എൽഡിഎഫ് നേതാക്കൾ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരായ ഏതു നീക്കത്തെയും അതേ നാണയത്തിൽ നേരിടുമെന്ന് ജില്ലയിലെ എട്ട് താലൂക്ക് യൂണിയൻ ഭാരവാഹികളും വ്യക്തമാക്കി.