18/06/2026
[fontresizer_tawhidurrahmandear_widget]

ചക്ക പഴമോ പച്ചക്കറിയോ?

 ചക്ക പഴമോ പച്ചക്കറിയോ?

ചക്ക പഴമാണോ പച്ചക്കറിയാണോ? ഈ ചോദ്യം കേൾക്കുമ്പോൾ പെട്ടെന്ന് എന്ത് മറുപടിയാണ് മനസിൽ വരാറുള്ളത്. പച്ചയായിരിക്കുമ്പോൾ പച്ചക്കറിയായും പഴുത്തിരിക്കുമ്പോൾ ഫലവർഗ്ഗമായും വിശേഷിപ്പിക്കുന്ന ചക്ക ഏത് ഇനമാണെന്ന് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ‘ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ്’ എന്ന ശാസ്ത്രീയ നാമമുള്ള അത്തിപ്പഴം, മൾബറി, ശീമച്ചക്ക എന്നിവ ഉൾപ്പെടുന്ന മോറേസി കുടുംബത്തിലെ അംഗമാണ് ചക്കയും. നൂറുകണക്കിന് ചെറിയ പൂക്കൾ ഒരുമിച്ച് ചേർന്ന് ഒരു വലിയ ഘടനയായി മാറുന്നതിനാൽ ഇതിനെ ഒരു ‘കോമ്പൗണ്ട് ഫ്രൂട്ട്’ അഥവാ സങ്കീർണ്ണ ഫലം എന്നും വിളിക്കുന്നു.

3000 മുതൽ 6000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇത് കൃഷി ചെയ്തിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വൃക്ഷവിളയായ ചക്കയ്ക്ക് 36 മുതൽ 55 കിലോഗ്രാം വരെ ഭാരവും 90 സെന്റിമീറ്റർ വരെ നീളവും വെക്കാൻ ശേഷിയുണ്ട്. ഒരു പൂർണവളർച്ചയെത്തിയ പ്ലാവ് പ്രതിവർഷം 200 മുതൽ 500 വരെ ചക്കകൾ ഉത്പാദിപ്പിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിന്റെ ദേശീയ ഫലമാണ് ചക്ക. ഇവ ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ പഴവർഗ്ഗത്തിൽ ഉൾപ്പെടുന്നവയാണ്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കറികൾക്കും സ്റ്റ്യൂവിനും തോരനും മറ്റുമായി ചക്ക ഉപയോഗിച്ചുവരുന്നു. ഇന്ന് ആഗോളതലത്തിൽ സസ്യഭുക്കുകൾക്കും വീഗൻ രീതി പിന്തുടരുന്നവർക്കും ഇടയിൽ ചക്കയും ഇടം പിടിച്ചിരിക്കുന്നു. എന്നാൽ ചക്ക പൂർണമായി പഴുക്കുമ്പോൾ ഉള്ളിലെ ചുളകൾ മൃദുവും ജ്യൂസിയുമായി മാറും. വലിപ്പവും ഘടനയും അനുസരിച്ച് ചക്കകളിൽ കട്ടിയുള്ളതും (വരിക്ക) മൃദുവായതുമായ (കൂഴ) രണ്ട് പ്രധാന ഇനങ്ങൾ കാണപ്പെടുന്നു. ഇതിനു പുറമെ ചക്ക ഡെസേർട്ടുകൾ, ജാമുകൾ, ഐസ്‌ക്രീമുകൾ, ചിപ്‌സുകൾ എന്നിവ തയ്യാറാക്കാനും ഉപയോഗിക്കുന്നു.

ഇതിനുപുറമേ ചക്കയുടെ കുരുവും ഭക്ഷണയോഗ്യമാണ്. ചക്കക്കുരു പുഴുങ്ങിയോ വറുത്തോ കറിവെച്ചോ കഴിക്കാം. കൂടാതെ ചക്കക്കുരു ഉണക്കിപ്പൊടിച്ച് സൂപ്പുകൾ കട്ടിയാക്കാനുള്ള തിക്‌നറായും ഗോതമ്പ് പൊടിയോടൊപ്പം ചേർത്ത് മാവായും ഉപയോഗിക്കാം. പോഷകഗുണങ്ങളാൽ സമ്പന്നമായ ചക്കയിൽ കുറഞ്ഞ അളവിൽ കൊഴുപ്പും കലോറിയുമേ ഉള്ളൂ. ഒരു കപ്പ് ചക്കയിൽ ഏകദേശം 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് സാധാരണ പഴങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൂടാതെ വിറ്റാമിൻ സി, പൊട്ടാസ്യം, കോപ്പർ, മഗ്‌നീഷ്യം, റൈബോഫ്‌ലേവിൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇതിലെ പൊട്ടാസ്യവും നാരുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

Also read: