ലഹരിയുടെ കണ്ണിയറുക്കാൻ മഹല്ലുകളിൽ ഇടപെടൽ വേണം: സംസ്ഥാന സർക്കാരിന്റെ ‘ഓപറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് സാദിഖലി തങ്ങൾ
മലപ്പുറം: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലഹരിയെന്ന മഹാവിപത്തിനെ പൂർണമായും തൂത്തെറിയാൻ വ്യാപകമായ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മഹല്ലുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പള്ളികളിൽ ഇതുസംബന്ധിച്ച പ്രത്യേക ഉദ്‌ബോധനം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് തങ്ങളുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതായിരുന്നു. അധികാരത്തിലെത്തിയ ഉടൻ തന്നെ സർക്കാർ ആരംഭിച്ച ഈ പ്രവർത്തനം വളരെ ദൂരം മുന്നോട്ടുപോയിട്ടുണ്ട്. ഈ തലമുറയോടും വരും തലമുറകളോടും ചെയ്യുന്ന ഏറ്റവും വലിയ നീതിയാണിതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ഗൗരവതരമായ ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ‘ഓപറേഷൻ തൂഫാന്റെ’ വിജയത്തിനായി മന്ത്രി പ്രകടിപ്പിക്കുന്ന വ്യക്തിപരമായ താൽപര്യവും ദൃഢനിശ്ചയവും ഏറെ പ്രശംസ അർഹിക്കുന്നതാണ്. എല്ലാ തിന്മകളുടെയും താക്കോലെന്ന് വിശേഷിപ്പിക്കപ്പെട്ട ലഹരിയുടെ ഉപയോഗത്തെ നമുക്ക് ഇല്ലാതാക്കണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
മത-രാഷ്ട്രീയ സംഘടനകൾക്കും വിവിധ കൂട്ടായ്മകൾക്കും ഈ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘തൂഫാൻ കിക്ക്’ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. സമാനമായ രീതിയിൽ മറ്റ് യുവജന-വിദ്യാർത്ഥി സംഘടനകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുവരണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു.
യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ മാതാപിതാക്കളുടെ ശ്രദ്ധയും ബോധവൽക്കരണവും അനിവാര്യമാണ്. മക്കളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത് മാതാപിതാക്കൾക്കാണ്. അതിനാൽ അവർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ ഓർമിപ്പിച്ചു.