19/06/2026
[fontresizer_tawhidurrahmandear_widget]

‘കളിക്കാർക്ക് പന്ത് പാസ് ചെയ്യാൻ അറിയില്ല; കൗണ്ടർ അറ്റാക്കും മറന്നു’-പോർച്ചുഗൽ ടീമിനെതിരെ ക്രിസ്റ്റ്യാനോയുടെ സഹോദരി

 ‘കളിക്കാർക്ക് പന്ത് പാസ് ചെയ്യാൻ അറിയില്ല; കൗണ്ടർ അറ്റാക്കും മറന്നു’-പോർച്ചുഗൽ ടീമിനെതിരെ ക്രിസ്റ്റ്യാനോയുടെ സഹോദരി

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. താരങ്ങൾ പന്ത് പാസ് ചെയ്യാനും കൗണ്ടർ അറ്റാക്ക് നടത്താനും മറന്നുപോയെന്ന് കാതിയ അവേരോ വിമർശിച്ചു. മത്സരത്തിൽ പോർച്ചുഗൽ താരങ്ങളുടെ മോശം പ്രകടനത്തെയും പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതിയ അവേരോ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തികച്ചും ഒറ്റപ്പെട്ടുപോയെന്നും സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിന് കൃത്യമായ പിന്തുണ ലഭിച്ചില്ലെന്നുമുള്ള വലിയ ചർച്ചകൾക്കിടയിലാണ് സഹോദരിയുടെ പ്രതികരണം വരുന്നത്. കളിയിൽ ടീം വരുത്തിയ വലിയ പിഴവുകളെ അവർ തന്റെ കുറിപ്പിലൂടെ എടുത്തുപറഞ്ഞു.

”അവർക്ക് പരസ്പരം എങ്ങനെ പാസ് നൽകണമെന്നോ, എതിരാളികളിൽനിന്ന് എങ്ങനെ പന്ത് തട്ടിയെടുക്കണമെന്നോ അറിയാത്ത പോലെയാണു തോന്നിയത്. എങ്ങനെ ഒരു കൗണ്ടർ അറ്റാക്ക് നടത്തണമെന്നതും അത്ഭുതകരമായി മറന്നുപോയതുപോലെ. ഈ ലോകകപ്പ് വളരെ വിചിത്രമാണ്. എങ്കിലും ഞാൻ എപ്പോഴും കേൾക്കാറുള്ള ഒരു കാര്യമുണ്ട്: തുടക്കം മോശമായാലും ഒടുക്കം ഗംഭീരമായിരിക്കും.”-കാതിയ അവേരോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കാതിയയുടെ രൂക്ഷമായ പ്രതികരണം ഫുട്‌ബോൾ ആരാധകർക്കിടയിലും കായിക മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നതോടെ, തന്റെ നിലപാട് വിശദീകരിച്ച് അവർ പിന്നീട് മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തന്റെ വിമർശനം ടീമിനെ തകർക്കാനല്ലെന്നും മറിച്ച് നല്ലൊരു മാറ്റത്തിന് വേണ്ടിയാണെന്നും കാതിയ വ്യക്തമാക്കി.

”നമുക്ക് പോസിറ്റീവായി ചിന്തിക്കാം. കളിക്കളത്തിൽ ഇറങ്ങുന്നവർക്ക് മാത്രമേ പിഴവുകൾ സംഭവിക്കൂ. അവർക്ക് ചില തെറ്റുകൾ പറ്റി, നമ്മൾ പ്രതീക്ഷിച്ച ആ പഴയ ടീമായി മാറാൻ അവർക്ക് കഴിഞ്ഞില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആ മത്സരത്തിൽ ആരും തന്നെ നന്നായി കളിച്ചിട്ടില്ല.”-കാതിയ അവേരോ കൂട്ടിച്ചേർത്തു.

മുൻപും തന്റെ സഹോദരനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴെല്ലാം പോർച്ചുഗൽ ടീമിനും പരിശീലകർക്കും എതിരെ പരസ്യ നിലപാടുമായി കാതിയ രംഗത്തുവന്നിട്ടുണ്ട്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെറും 25 ടച്ചുകൾ മാത്രമാണ് ലഭിച്ചതെന്ന കായിക ലോകത്തിന്റെ വിലയിരുത്തലുകൾ ശരിവയ്ക്കുന്ന രീതിയിലാണ് സഹോദരിയുടെ പ്രതികരണം.

ആദ്യ മത്സരത്തിൽ പത്തൊൻപതുകാരൻ ജാവോ നെവെസിലൂടെ പോർച്ചുഗൽ ആദ്യം ലീഡ് എടുത്തിരുന്നെങ്കിലും, പിന്നീട് കളി കൈവിട്ടുപോവുകയും കോംഗോ സമനില പിടിക്കുകയുമായിരുന്നു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ മുന്നോട്ടുപോകണമെങ്കിൽ ടീം തങ്ങളുടെ കളിശൈലി പൂർണമായും മാറ്റണമെന്ന മുന്നറിയിപ്പാണ് കായിക വിദഗ്ധർ നൽകുന്നത്. ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന വരും മത്സരങ്ങളിൽ പോർച്ചുഗൽ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Also read: