21/07/2026
[fontresizer_tawhidurrahmandear_widget]

‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’ -എൻ. ഷംസുദ്ദീൻ

 ‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’ -എൻ. ഷംസുദ്ദീൻ

എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (എൽഡിഎഫ്) നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

“പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ (എസ്എസ്) ഫണ്ടായ 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എല്ലാം ചെയ്തത് മുൻ സർക്കാരാണ്. ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ പുതുതായി യാതൊരു കരാറിലും ഒപ്പുവെക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പദ്ധതി നടപ്പാക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. തുടർന്ന് 2025 ഒക്ടോബർ 16-ന് ഇതിനായുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇരുട്ടിന്റെ മറവിൽ, ക്യാബിനറ്റിനെ പോലും അറിയിക്കാതെയാണ് അന്നത്തെ സർക്കാർ കരാറിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമായി നൽകുന്ന വ്യവസ്ഥയ്ക്കാണ് എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയത്. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പിട്ട കരാറിനെക്കുറിച്ച് ഇപ്പോൾ വ്യാജ പ്രചാരണമാണ് അവർ നടത്തുന്നത്” – മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കി.

ഈ കരാർ വിവാദമായപ്പോൾ മുൻ സർക്കാർ കേന്ദ്രത്തിന് അയച്ച കത്തിൽ കരാർ റദ്ദാക്കണമെന്നോ തുടർനടപടി വേണ്ടെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. ആശങ്കകൾ ചർച്ച ചെയ്യാൻ രൂപീകരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ധാരണാപത്രം നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടിവെക്കണം എന്ന് മാത്രമാണ് കത്തിൽ അറിയിച്ചിട്ടുള്ളത്. അതിന് നിയമപരമായി യാതൊരു പിൻബലവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ ‘പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്കായി’ എന്ന് സമർത്ഥിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ലേഖനമെഴുതിയിരുന്നു. ആശങ്കകൾ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വെച്ചെന്ന് പറഞ്ഞെങ്കിലും എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീർന്നിട്ടും ഈ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല. എന്നാൽ നിലവിലെ യുഡിഎഫ് സർക്കാർ ഇതിനായി ഒരു മന്ത്രിസഭാ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, അതിന്റെ റിപ്പോർട്ട് വന്നതിന് ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്നും ഷംസുദ്ദീൻ മറുപടി നൽകി.

അതേസമയം, പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് തുറന്നുപറയാനുള്ള ആർജ്ജവം മുസ്‌ലിം ലീഗിന് ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിച്ച എൽഡിഎഫ് അംഗം പി.പ്രസാദ് ചോദിച്ചു.

Also read: