21/07/2026
[fontresizer_tawhidurrahmandear_widget]

‘സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ തയാറാകണം’; 16 ദിവസത്തിനിടെ 30 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ബസ് ഉടമകൾ

 ‘സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ തയാറാകണം’; 16 ദിവസത്തിനിടെ 30 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാരണം സ്വകാര്യ ബസ് മേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംയുക്ത സമര സമിതി രംഗത്തെത്തി. സൗജന്യ യാത്രാ സംവിധാനം വന്നതിന് ശേഷമുള്ള പതിനാറ് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് 30 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യയാത്രാ സൗകര്യം സ്വകാര്യ ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രധാന ആവശ്യം.

ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ സീറോ ടിക്കറ്റ് നൽകിയോ സ്വകാര്യ ബസുകളിലെ യാത്രാ സൗജന്യത്തിന് അനുസരിച്ചുള്ള തുക സർക്കാർ ലഭ്യമാക്കുകയാണെങ്കിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. നിലവിൽ കേവലം 25 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി വഴി സൗജന്യയാത്രയുടെ പ്രയോജനം ലഭിക്കുന്നതെന്നും ഈ സംവിധാനം സ്വകാര്യ ബസുകളിലേക്ക് കൂടി മാറ്റിയാൽ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും 5,500 കോടി രൂപയോളം നിക്ഷേപമുള്ള ഈ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

സൗജന്യയാത്രാ പ്രതിസന്ധിക്ക് പുറമെ, പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്ന് ഒരു ലിറ്റർ ഡീസലിന് ഏഴ് രൂപ എൺപത്തിയാറ് പൈസയോളം വർദ്ധിച്ചതും മോട്ടോർ വാഹന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങൾ നൽകുന്ന 22.76 ശതമാനം വില്പന നികുതി പരിഗണിച്ച്, ഓടുന്ന കിലോമീറ്റർ ദൂരത്തിന് ആനുപാതികമായി ഇന്ധന സബ്‌സിഡി അനുവദിക്കാൻ സർക്കാർ തയ്യാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ആറാം തീയതി ഗതാഗത മന്ത്രിക്ക് മുൻകൂറായി സമര നോട്ടീസും നിവേദനവും നൽകാൻ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ജൂലൈ 20 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ ജില്ലാ അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

ഇതിന് ശേഷവും അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പുറമെ ഓട്ടോ, ടാക്‌സി, ടൂറിസ്റ്റ് ബസുകൾ, ലോറികൾ എന്നിവയുൾപ്പെടെയുള്ള യാത്രാചരക്ക് വാഹനങ്ങൾ പൂർണ്ണമായി സർവീസ് നിർത്തിവെച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി കടുത്ത പ്രക്ഷോഭങ്ങളിലേക്കും പണിമുടക്കിലേക്കും നീങ്ങാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

Also read: