21/07/2026
[fontresizer_tawhidurrahmandear_widget]

‘ജിഹാദി’ വിളി തമാശയെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി; നിർണായകമായത് നീന കുറുപ്പിന്റെ മൊഴി, ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശം

 ‘ജിഹാദി’ വിളി തമാശയെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി; നിർണായകമായത് നീന കുറുപ്പിന്റെ മൊഴി, ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശം

ടിനി ടോം, അൻസിബ ഹസൻ

കൊച്ചി: വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173-ാം വകുപ്പ് പ്രകാരം കേസ് റജിസ്‌റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താനാണ് കടവന്ത്ര പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

കേസിൽ നടി നീനാ കുറുപ്പ് നൽകിയ മൊഴി കോടതി ഈ ഉത്തരവിന്റെ ഭാഗമായി എടുത്ത് കാണിക്കുന്നുണ്ട്. ടിനി ടോം ഇത്തരത്തിൽ ചില അധിക്ഷേപ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് നീനാ കുറുപ്പ് നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളിൽ കുറ്റങ്ങൾ കൃത്യമായി നിലനിൽക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നടി ശ്വേതാ മേനോൻ നീനാ കുറുപ്പിനോട് പറഞ്ഞതായി പറയുന്ന കാര്യങ്ങളും നീനാ കുറുപ്പ് മൊഴിയായി നൽകിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം മുൻനിർത്തിയാണ് കേസിൽ കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന നിലപാടിൽ കോടതിയെത്തിയത്.

നേരത്തെ അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയായതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ടിനി ടോം ഉപയോഗിച്ച ‘ജിഹാദി’ അടക്കമുള്ള വാക്കുകൾ വെറും തമാശരൂപേണ നടത്തിയ പ്രയോഗങ്ങൾ മാത്രമാണെന്നും ഇതിൽ ക്രിമിനൽ ഉദ്ദേശമില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതുകൂടാതെ, ഈ വിഷയം തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന തരത്തിലുള്ള സാങ്കേതിക വാദവും കടവന്ത്ര പോലീസ് ഉയർത്തിയിരുന്നു. എന്നാൽ ഈ രണ്ട് വാദങ്ങളും കോടതി തള്ളി.

പൊലീസിന്റെ റിപ്പോർട്ട് അപൂർണമാണെന്ന് കോടതി വ്യക്തമാക്കി. ഈ പരാമർശങ്ങൾ തമാശ രൂപേണയാണോ അതോ ക്രിമിനൽ ഉദ്ദേശത്തോടു കൂടിയുള്ളതാണോ എന്ന് മനസ്സിലാക്കണമെങ്കിൽ വിശദമായ അന്വേഷണം തന്നെ നടക്കേണ്ടതുണ്ട്. ജൂറിസ്‌ഡിക്ഷൻ സംബന്ധിച്ച പൊലീസിന്റെ സംശയങ്ങൾക്ക് നിയമത്തിലെ സെക്ഷൻ തന്നെ വ്യക്തമാക്കി നൽകിക്കൊണ്ടാണ് കോടതി മറുപടി നൽകിയത്. കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തിൽ ഇത് തങ്ങളുടെ പരിധിയിലല്ല എന്ന് ബോധ്യപ്പെടുകയാണെങ്കിൽ മറ്റ് സ്‌റ്റേഷനുകളിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്യാവുന്നതേയുള്ളൂ. അതിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ടിനി ടോം തന്നെ വ്യക്‌തിപരമായും കുടുംബപരമായും സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നാണ് അൻസിബയുടെ പരാതി. തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ടിനി ടോം, തന്നെ ‘ജിഹാദി’ എന്നും ‘മത തീവ്രവാദി’ എന്നും മുദ്രകുത്തി. താൻ ഡ്രൈവർ ഉൾപ്പെടെയുള്ള ചിലരെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള വ്യാജ പരാമർശങ്ങൾ നടത്തി വിദ്വേഷം സൃഷ്ടിക്കാനും, സ്ത്രീത്വത്തെ അപമാനിക്കാനും ശ്രമിച്ചതായും അൻസിബ ആരോപിക്കുന്നു. കോടതിയുടെ ഔദ്യോഗിക ഉത്തരവ് ഇന്ന് കടവന്ത്ര പോലീസിന് ലഭിക്കും.

Also read: