‘സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളെ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കരുത്’: ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂർ: സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളെ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളുകളിൽ ഹിന്ദു പ്രാർത്ഥനകളും മന്ത്രങ്ങളും നിർബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദിന്റെ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
വിവാദമായ ജൂൺ 12-ലെ സർക്കുലർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി രേഖപ്പെടുത്തി. ഭാവിയിൽ ഏതെങ്കിലും കുട്ടിയെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ നിർബന്ധിച്ചാൽ ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും, അത്തരം സാഹചര്യമുണ്ടായാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലെയും അസംബ്ലികളിൽ ദേശീയ ഗാനത്തിനൊപ്പം സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, ശാന്തി മന്ത്രം, ദീപമന്ത്രം എന്നിവ ആലപിക്കണമെന്നും ഉച്ചഭക്ഷണത്തിന് മുൻപ് ഭോജന മന്ത്രം ചൊല്ലണമെന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഛത്തീസ്ഗഢ് വഖഫ് ബോർഡ് മുൻ ചെയർമാൻ അബ്ദുൾ സലാം റിസ്വി, ന്യൂനപക്ഷ വകുപ്പ് മുൻ ചെയർമാൻ മഹേന്ദ്ര ഛബ്ദ, സാമൂഹിക പ്രവർത്തകൻ ഷഫീഖ് അഹമ്മദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകരായ ആമിർ ഖാൻ, സിതാര ഖാൻ എന്നിവർ ഹരജിക്കാർക്കായി ഹാജരായി.
ഒരു പ്രത്യേക മതത്തിന്റെ പ്രാർത്ഥനകൾ മാത്രം നിർബന്ധമാക്കുന്നത് സർക്കാർ സ്കൂളുകളിൽ മതപരമായ പ്രബോധനം നൽകുന്നതിന് തുല്യമാണെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മതേതരത്വ തത്വങ്ങളുടെയും ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാർത്ഥനകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികളുടെ മനസ്സാക്ഷി സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കുലറിന് കഴിഞ്ഞിട്ടില്ലെന്നും ഹരജിക്കാർ വാദിച്ചു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സ്വാഗതം ചെയ്തു. വർഗീയ ഇരട്ട എഞ്ചിൻ സർക്കാരിനെതിരെ ജഡ്ജിമാർ നിലകൊള്ളുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. സർക്കുലർ സംഘപരിവാറിന്റെ ‘സാംസ്കാരിക ദേശീയതയുടെ’ ഉദാഹരണമാണെന്നും ഇത് ഇന്ത്യൻ ദേശീയതയ്ക്ക് വിരുദ്ധമാണെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. സർക്കുലർ തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും (എപിസിആർ) നേരത്തെ വിമർശിച്ചിരുന്നു.