21/07/2026
[fontresizer_tawhidurrahmandear_widget]

പറക്കുന്ന വിമാനത്തിൽ നിന്ന് താഴേക്ക് ചാടി ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ ; വിമാനം സേഫായി റണ്‍വേയില്‍ ഇറക്കി വിദ്യാര്‍ഥി

 പറക്കുന്ന വിമാനത്തിൽ നിന്ന് താഴേക്ക് ചാടി ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ ; വിമാനം സേഫായി റണ്‍വേയില്‍ ഇറക്കി വിദ്യാര്‍ഥി

ബ്യൂണസ് അയേഴ്‌സ്: പരിശീലനപ്പറക്കലിനിടെ പറക്കുന്ന വിമാനത്തിൽ നിന്ന് ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ താഴേക്ക് ചാടി ജീവനൊടുക്കി. വിമാനത്തിൽ ഒറ്റയ്ക്കായ 22കാരിയായ വിദ്യാർത്ഥിനി അത്ഭുതകരമായി വിമാനം താഴെയിറക്കി. അർജന്റീനയിലെ ടോളിഡോയിലാണ് ഏവരെയും നടുക്കിയ ഈ സംഭവമുണ്ടായത്. 42കാരനായ ലിയാൻഡ്രോ ആൻഡ്രേസ് ബെർറ്റാസോ എന്ന ഇൻസ്ട്രക്ടറാണ് സെസ്‌ന 150 പരിശീലന വിമാനത്തിൽ നിന്ന് താഴേക്ക് ചാടിയത്. റൊസാരിയോ എന്ന വിദ്യാർത്ഥിനിയാണ് വലിയൊരു അപകടത്തിൽ നിന്നും അസാമാന്യ ധൈര്യത്തോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

പരിശീലനപ്പറക്കലിനിടെ തികച്ചും അപ്രതീക്ഷിതമായാണ് ലിയാൻഡ്രോ ഈ കടുംകൈ ചെയ്തത്. വിമാനം ആകാശത്തായിരിക്കെ അദ്ദേഹം തന്റെ ഹെഡ്‌സെറ്റ് ഊരിമാറ്റുകയും സീറ്റ് ബെൽറ്റ് അഴിക്കുകയും ചെയ്തു. തുടർന്ന് റൊസാരിയോയോട്, ‘എന്താണ് ചെയ്യേണ്ടതെന്ന് നിനക്കറിയാമല്ലോ, മുന്നോട്ട് പോവുക’ എന്ന് പറഞ്ഞ ശേഷം വിമാനത്തിന്റെ വാതിൽ ബലമായി തുറന്ന് താഴേക്ക് ചാടുകയായിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു കാറിന്റെ വാതിൽ തുറക്കുന്നതിന് സമാനമായ കാറ്റിന്റെ മർദ്ദത്തെ അതിജീവിച്ചാണ് അദ്ദേഹം വിമാനത്തിന്റെ വാതിൽ തുറന്നത്.

കൺമുന്നിൽ നടന്ന ദാരുണ സംഭവത്തിൽ റൊസാരിയോ പൂർണ്ണമായും ഭയന്നുപോയെങ്കിലും, ആ പ്രതിസന്ധി ഘട്ടത്തിൽ അവർ മനസ്സാന്നിധ്യം കൈവിട്ടില്ല. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും അതീവ വൈദഗ്ധ്യത്തോടെ വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. റൊസാരിയോയുടെ ധീരതയെയും പക്വതയെയും വ്യോമയാന മേഖലയിലുള്ളവർ ഒന്നടങ്കം പ്രശംസിക്കുകയാണ്. ലിയാൻഡ്രോയുടെ മൃതദേഹം പിന്നീട് നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു പാടത്ത് നിന്നും കണ്ടെത്തി.

മുൻപ് ചിലിയിൽ കമേഴ്‌സ്യൽ പൈലറ്റായിരുന്ന ലിയാൻഡ്രോ വളരെ പരിചയസമ്പന്നനായ ഒരു ഇൻസ്ട്രക്ടറായിരുന്നു എന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന ‘ഫ്‌ലൈയിങ് പാരറ്റ് കോർഡോബ’ ഫ്‌ലൈറ്റ് സ്‌കൂൾ ഡയറക്ടർ എഡ്വേർഡോ അൽവാരെസ് പറഞ്ഞു. എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെട്ടിരുന്ന അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. അന്ന് രാവിലെ മറ്റൊരു വിദ്യാർത്ഥിക്കൊപ്പവും അദ്ദേഹം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പറന്നിരുന്നു. അതേസമയം, അദ്ദേഹം രഹസ്യമായി ചില മാനസികാരോഗ്യ ചികിത്സകൾ തേടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമേ ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also read: