തേങ്ങയും വെളിച്ചെണ്ണയും വാങ്ങാൻ വയനാട്ടിൽ നിന്ന് സ്ത്രീകൾ കൂട്ടത്തോടെ കുറ്റ്യാടിയിലേക്ക്; പ്രിയദർശിനി സൗജന്യയാത്ര തുണയായി
വെള്ളമുണ്ട: പ്രിയദർശിനി സൗജന്യയാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി വയനാട്ടിൽ നിന്നും സ്ത്രീകൾ കൂട്ടത്തോടെ കുറ്റ്യാടിയിലേക്ക്. വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാല്, പത്താംമൈൽ, നിരവിൽപുഴ ഭാഗങ്ങളിൽനിന്നുള്ള നിരവധി വീട്ടമ്മമാരാണ് തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ തൊട്ടിൽപാലം, കുറ്റ്യാടി ടൗണുകളിലേക്ക് പോകുന്നത്.
വയനാടിനെ അപേക്ഷിച്ച് കുറ്റ്യാടിയിൽ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 15 മുതൽ 19 രൂപ വരെ വിലക്കുറവുണ്ട്. യാത്രാക്കൂലി ഇല്ലാത്തതിനാൽ നാല്പതും അമ്പതും പേർ അടങ്ങുന്ന കുടുംബങ്ങളിലെ സ്ത്രീകൾ ഒരുമിച്ച് പോയാണ് സാധനങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ ദിവസം ഏഴേനാലിൽനിന്ന് ഒരുസംഘം സ്ത്രീകൾ ഇത്തരത്തിൽ പോയത് വലിയ ചർച്ചയായിരുന്നു.
ബസ് ടിക്കറ്റ് സൗജന്യമായതോടെ പുരുഷന്മാർ തങ്ങളുടെ ആവശ്യങ്ങൾക്കും കച്ചവടങ്ങൾക്കുമായി സ്ത്രീകളെ വിട്ടുതുടങ്ങിയിട്ടുണ്ട്. കുറ്റ്യാടിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങൾ വയനാട്ടിലെത്തിച്ച് വിൽപന നടത്തി ലാഭമുണ്ടാക്കുന്ന പുതിയൊരു കച്ചവട മേഖലയ്ക്കും ഇതോടെ തുടക്കമായിരിക്കുകയാണ്.